മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വില്പന; ഷെയ്ഖ് ജാസിം മുന്നിലെന്ന് റിപ്പോര്‍ട്ട്

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ ഖത്തര്‍ ശതകോടീശ്വരനും ബാങ്കറുമായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി മുന്നിലാണെന്ന് റിപ്പോര്‍ട്ട്. എ.എഫ്.പിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ജിം റാറ്റ്ക്ലിഫിനേക്കാള്‍ മികച്ച ഓഫര്‍ ജാസിം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഇനിയോസ് കെമിക്കല്‍ കമ്പനിയുടെ ഉടമസ്ഥനായ റാറ്റ്ക്ലിഫാണ് കഴിഞ്ഞ മാസം നടന്ന മൂന്നാംവട്ട ലേലത്തില്‍ മുന്നിട്ടുനിന്നത്. എന്നാല്‍ അതിലും മികച്ച ഓഫറാണ് ജാസിം നല്‍കിയത്. ടീമിന്റെ 100 ശതമാനം ഉടമസ്ഥതയും തനിക്ക് വേണമെന്ന് നേരത്തേതന്നെ ജാസിം വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ടീമിന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുമെന്നും അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്.

നിലവില്‍ ഗ്ലേസിയര്‍ കുടുംബത്തിന്റെ കൈയ്യിലാണ് യുണൈറ്റഡുള്ളത്. 2005-ലാണ് ഗ്ലേസിയര്‍ കുടുംബം യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തത്. ഗ്ലേസിയര്‍ കുടുംബത്തിന് മേല്‍ ആരാധകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മികച്ച താരങ്ങളെ കൊണ്ടുവരുന്നതിലും പണം ഇറക്കുന്നതിലും ഗ്ലേസിയര്‍ കുടുംബം പിശുക്കു കാണിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയശേഷം ടീമിന് ഇതുവരെ ഒരു പ്രീമിയര്‍ ലീഗ് കിരീടം പോലും നേടിയെടുക്കാനായിട്ടില്ല.

എന്നാല്‍ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ആറുവര്‍ഷത്തെ ട്രോഫിയ്ക്കായുള്ള ടീമിന്റെ കാത്തിരിപ്പ് ടെന്‍ ഹാഗ് സഫലമാക്കി. ഇംഗ്ലീഷ് ലീഗ് കപ്പ് (കാറബാവോ കപ്പ്) യുണൈറ്റഡിന് നേടിക്കൊടുത്ത് ടെന്‍ ഹാഗ് ഏവരെയും അത്ഭുതപ്പെടുത്തി.ഷെയ്ഖ് ജാസിം ഉടമസ്ഥനായാല്‍ വലിയ മാറ്റങ്ങള്‍ യുണൈറ്റഡില്‍ വരുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതന്മാര്‍ അവകാശപ്പെടുന്നത്. ജാസിമിന്റെ ഓഫര്‍ സ്വീകരിക്കപ്പെട്ടാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ടീമുകളിലൊന്നായി യുണൈറ്റഡ് മാറും. ജാസിം ഉടമസ്ഥാവകാശം ഏറ്റെടുത്താല്‍ നെയ്മറെപ്പോലെയുള്ള ലോകോത്തര താരങ്ങള്‍ ടീമിലെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

Top