ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൂട്ടണ്‍ ടൗണിനെ മറികടന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കന്നിക്കാരായ ലൂട്ടണ്‍ ടൗണിനെ മറികടന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് റെഡ് ഡെവിള്‍സിന്റെ വിജയം. 58-ാം മിനിറ്റില്‍ വിക്ടര്‍ ലിന്‍ഡെലോഫിന്റെ ഗോളിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം കണ്ടത്. മറുപടി ഗോളിനായി ലൂട്ടണ്‍ ടൗണിന്റെയും ലീഡ് ഉയര്‍ത്താന്‍ റെഡ് ഡെവിള്‍സിന്റെയും ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല.

പോയിന്റ് ടേബിളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. 11 മത്സരങ്ങളില്‍ നിന്നായി സിറ്റിക്ക് 27 പോയിന്റുണ്ട്. ഇന്നത്തെ ജയത്തോടെ ആഴ്‌സണല്‍ പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി. 12 മത്സരങ്ങളില്‍ നിന്നാണ് ആഴ്‌സണല്‍ 27 പോയിന്റ് നേടിയിരിക്കുന്നത്. ടോട്ടനം മൂന്നാമതും ലിവര്‍പൂള്‍ നാലാമതുമാണ്.

മറ്റൊരു മത്സരത്തില്‍ ബേണ്‍ലിക്കെതിരെ ആഴ്‌സണല്‍ തകര്‍പ്പന്‍ വിജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ ജയം. ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് എവര്‍ട്ടനും വിജയം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എവര്‍ട്ടന്‍ വിജയം നേടിയത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വോള്‍വ്‌സ് തോല്‍പ്പിച്ചു.

 

Top