യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഡെന്മാര്‍ക്ക് ക്ലബ്ബായ കോപ്പന്‍ ഹേഗനോടാണ് യുണൈറ്റഡ് തോല്‍വി വഴങ്ങിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ പരാജയം. ലീഗിലെ മറ്റുമത്സരങ്ങളില്‍ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും വിജയിച്ച് നോക്കൗട്ട് റൗണ്ടില്‍ കടന്നു. സെവിയ്യയെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി.

45-ാം മിനിറ്റില്‍ മുഹമ്മദ് എലിയൂനുസിയാണ് ആദ്യം കോപ്പന്‍ഹേഗന് വേണ്ടി ഗോള്‍ മടക്കിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഹാരി മഗ്വെയറിന്റെ ഹാന്‍ഡ്ബോളിന് കോപ്പന്‍ഹേഗന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ആന്ദ്രേ ഒനാനയെ മറികടന്ന് ഡിയോഗോ ഗോണ്‍കാല്‍വ്സ് ലക്ഷ്യം കണ്ടതോടെ കോപ്പന്‍ഹേഗന്‍ സമനില പിടിച്ചു.റയല്‍ മാഡ്രിഡ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബ്രാഗയെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഡ്രിഡിന്റെ വിജയം. ബ്രാഹിം ഡയസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരാണ് മാഡ്രിഡിന് വേണ്ടി ഗോളുകള്‍ നേടിയത്. ലീഗില്‍ മാഡ്രിഡിന്റെ നാലാം വിജയമാണിത്. ഇതോടെ രണ്ട് ഗ്രൂപ്പ് ഗെയിമുകള്‍ ശേഷിക്കെ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.

കോപ്പന്‍ഹേഗനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. രണ്ടാം മിനിറ്റിലും 23-ാം മിനിറ്റിലും റാസ്മസ് ഹോയ്ലണ്ട് നേടിയ ഇരട്ടഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. എന്നാല്‍ 42-ാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോര്‍ഡിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതിന് ശേഷമാണ് യുണൈറ്റഡിന്റെ കൈകളില്‍ നിന്ന് കളി വഴുതിപ്പോയത്. യുണൈറ്റഡ് ആധിപത്യം സ്ഥാപിച്ചിരുന്ന സമയത്തായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയ സംഭവം നടന്നത്. ഇതിനുശേഷം ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പേ തന്നെ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നു.

Top