Manchester United-loss on champions league

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി നാലാംസ്ഥാനം ഉറപ്പിച്ചതോടെ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാതെ സീസണ്‍ അവസാനിപ്പിച്ചു.

സ്വാന്‍സീസിറ്റിയുമായി ഒരുഗോള്‍ സമനില പിടിച്ചതോടെ ലീഗ് പട്ടികയില്‍ 66 പോയിന്റായി സിറ്റിക്ക്. ബോംബ് ഭീഷണിമൂലം മാറ്റിവച്ച ബൗണിമൗത്തിനോടുള്ള കളി യുണൈറ്റഡ് ജയിച്ചാല്‍ 66 പോയിന്റാകുമെങ്കിലും ഗോള്‍വ്യത്യാസം അവര്‍ക്ക് തിരിച്ചടിയാകും.

സിറ്റിക്ക് 30ഉം യുണൈറ്റഡിന് 12ഉം ആണ് ഗോള്‍വ്യത്യാസം. ഇതോടെ പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ ടീം ഒരിക്കല്‍ക്കൂടി ചാമ്പ്യന്‍സ് ലീഗ് കാണാതെ മടങ്ങി. സിറ്റി പ്‌ളേ ഓഫിന് യോഗ്യത ഉറപ്പിച്ചു.

1992ല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രീമിയര്‍ ലീഗ് ഏറ്റെടുത്തശേഷം ഇത് മൂന്നാം തവണയാണ് ഓള്‍ഡ് ട്രഫോര്‍ഡിലെ ചുവന്ന ചെകുത്താന്മാര്‍ യൂറോപ്പിലെ ഒന്നാംനിര പോരാട്ടത്തില്‍നിന്ന് പുറത്താകുന്നത്. 1994-95ലാണ് ആദ്യമായി യുണൈറ്റഡിന് അടിതെറ്റുന്നത്. ലീഗ് ചാമ്പ്യന്‍മാര്‍ മാത്രം ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടുന്ന ആദ്യ സീസണുകളിലൊന്നായിരുന്നു അത്.

ബ്‌ളാക്‌ബേണ്‍ റോവേഴ്‌സിന്റെ കുതിപ്പില്‍ അവസാന കളിയില്‍ യുണൈറ്റഡ് രണ്ടാം പടിയിലേക്കു വീണു. 42 കളിയില്‍ റോവേഴ്‌സ് 89 പോയിന്റ് നേടിയപ്പോള്‍ യുണൈറ്റഡിന്റെ പോരാട്ടം 88ല്‍ അവസാനിക്കുകയായിരുന്നു.

പിന്നീട് 2012-13 സീസണ്‍വരെ യുണൈറ്റഡ് തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. 1986 മുതല്‍ 2013 വരെ സര്‍ അലെക്‌സ് ഫെര്‍ഗൂസനു കീഴിലായിരുന്നു യുണൈറ്റഡിന്റെ കുതിപ്പ്. 1988-89ലും 2007-08ലും യൂറോപ്പിന്റെ രാജാക്കന്മാരുമായി. 2013-14 സീസണിലായിരുന്നു യുണൈറ്റഡിന് വീണ്ടും തിരിച്ചടിയേറ്റത്. തൊട്ടുമുന്നത്തെ സീസണിനൊടുവില്‍ ഫെര്‍ഗൂസന്‍ യുണൈറ്റഡില്‍നിന്ന് പിരിഞ്ഞു. തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയായിരുന്നു ഈ സ്‌കോട്ട്‌ലന്‍ഡുകാരന്‍ ഓള്‍ഡ് ട്രഫോര്‍ഡിലെ 25 വര്‍ഷത്തെ സേവനം മതിയാക്കിയത്. എവര്‍ടണിന്റെ പരിശീലകനായിരുന്ന ഡേവിഡ് മോയെസിനെ അദ്ദേഹംതന്നെ തന്റെ പകരക്കാരനായി നിര്‍ദേശിച്ചു.

എന്നാല്‍ ഫെര്‍ഗൂസന്റെ കീഴില്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച യുണൈറ്റഡ് മോയെസിനു കീഴില്‍ തുരുമ്പിച്ച ലോഹക്കൂമ്പാരമായി. ലീഗില്‍ ഏഴാം പടിയിലാണ് അത്തവണ യുണൈറ്റഡ് സീസണ്‍ അവസാനിച്ചത്. ചാമ്പ്യന്‍സ് ലീഗിനും യൂറോപ ലീഗിനും മുന്‍ ചാമ്പ്യന്‍മാര്‍ യോഗ്യത നേടിയില്ല. മോയെസിനെ പുറത്താക്കി ക്ലബ് അധികൃതര്‍ യുണൈറ്റഡിന്റെ മുന്‍ കളിക്കാരന്‍കൂടിയായ റ്യാന്‍ ഗിഗ്‌സിനെ പരിശീലകചുമതല ഏല്‍പ്പിച്ചു.

അടുത്ത സീസണില്‍ ലൂയിസ് വാന്‍ ഗാലിനുകീഴില്‍ ഒരിക്കല്‍ക്കൂടി അവര്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ഉറപ്പാക്കി. എന്നാല്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും, അഴ്‌സണലിനും താഴെ നാലാമതായാണ് യുണൈറ്റഡ് പട്ടികയിലെത്തിയത്.

പക്ഷേ, നോക്കൌട്ട് ഘട്ടത്തിന് മുന്നേ പുറത്തായി മുന്‍ ചാമ്പ്യന്‍മാര്‍. ഒടുവില്‍ വാന്‍ ഗാലിന്റെ രണ്ടാം സീസണില്‍ ലീഗിലെ മോശം പ്രകടനം വീണ്ടും അവരെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാമാര്‍ക്കിന് പുറത്തുനിര്‍ത്തി. നിലവില്‍ ഒരു കളി ബാക്കിനില്‍ക്കെ ആറാം പടിയിലാണ് യുണൈറ്റഡ്.

സതാംപ്ടണിനും യുണൈറ്റഡിനും ഇപ്പോള്‍ 63 പോയിന്റാണുള്ളത്. പോയിന്റ് വ്യത്യാസത്തില്‍ സതാംപ്ടണ്‍ ഒരുപടി മുന്നില്‍. ബൌണി മൌത്തിനെ ഇന്ന് പരാജയപ്പെടുത്തിയാല്‍ സതാംപ്ടണെ പിന്തള്ളാനാകും യുണൈറ്റഡിന്.

Top