ഓരോ ആഴ്ചയിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടം 18 കോടി

ലണ്ടൻ: 2021-22 സാമ്പത്തിക വർഷത്തിൽ 115.5 ദശലക്ഷം പൗണ്ടിന്റെ നഷ്ടമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. മുൻ വർഷത്തേതിനെ അപേക്ഷിച്ച് വരുമാനം 18 ശതമാനം (583 ദശലക്ഷം പൗണ്ട്) വർധിച്ചിട്ടും സാമ്പത്തിക ഭാരം കുറയ്ക്കാനായില്ലെന്ന് ക്ലബ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ആകെ നഷ്ടത്തിൽ 23 മില്യൺ പൗണ്ടിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

ഈ വർഷം 514.9 ദശലക്ഷം പൗണ്ടാണ് കടം. മുൻ വർഷം ഇത് 419.5 മില്യൺ പൗണ്ടായിരുന്നു- ആകെ 22 ശതമാനം വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ഓരോ ആഴ്ചയിലും രണ്ടു മില്യൺ പൗണ്ടിന്റെ (ഏകദേശം 18 കോടി രൂപ) നഷ്ടമാണ് ക്ലബിനുണ്ടായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാഡോൻ സാഞ്ചോ, റഫേൽ വരാനെ തുടങ്ങിയ വമ്പൻ സൈനിങ്ങുകൾ മൂലം ശമ്പളയിനത്തിലും ക്ലബിന് അധികം തുക ചെലവഴിക്കേണ്ടി വന്നു. 19.1 ശതമാനം വർധനയാണ് ശമ്പളത്തിലുണ്ടായത്. 384.2 മില്യൺ പൗണ്ടാണ് ശമ്പളയിനത്തിൽ യുണൈറ്റഡ് ചെലവഴിക്കുന്നത്. ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയുടെ ശമ്പളച്ചെലവ് 355 ദശലക്ഷം പൗണ്ടാണ്.

സാമ്പത്തിക നഷ്ടത്തെ കുറിച്ച് ആകുലതയില്ലെന്നും ആരാധകരെ ആഹ്ളാദിപ്പിക്കുകയാണ് ആദ്യത്തെ ലക്ഷ്യമെന്നും ക്ലബ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ആർണോൾഡ് പറഞ്ഞു. പുരുഷ ടീമിനെപ്പോലെ വനിതാ ടീമിനെയും ഈ സീസണിൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Top