ലിവർ’പൂളി’ൽ മുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്; സലാക്ക് ഹാട്രിക്

സ്വന്തം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ അവരുടെ ഏറ്റവും വലിയ വൈരികൾക്കു എതിരെ അതി ദയനീയ പരാജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പരാജയപ്പെട്ടത്. സലായുടെ ഹാട്രിക്കും പോഗ്ബയുടെ ചുവപ്പ് കാർഡും എല്ലാം കണ്ട മത്സരം വളരെ അനായാസമായാണ് ലിവർപൂൾ വിജയിച്ചത്.

അറ്റലാന്റയ്ക്ക് എതിരെ വിജയിച്ച ടീമിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെ ഇറങ്ങിയ ഒലെയ്ക്ക് പിഴച്ചെന്ന് മനസ്സിലാകാൻ ഒട്ടും സമയം എടുത്തില്ല. അഞ്ചാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് വീണു. ഒരു ബ്രേക്കിൽ മഗ്വയർ താൻ എവിടെയാണ് നിൽക്കേണ്ടത് എന്ന് പതിവു പോലെ മറന്നപ്പോൾ സലാ പന്തുമായി കുതിച്ചു. മിഡ്ഫീൽഡിൽ നിന്ന് വന്ന നാബി കേറ്റ എളുപ്പത്തിൽ സലായുടെ പാസ് സ്വീകരിച്ച് പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിന്റെ ക്ഷീണം മാറും മുമ്പ് 13ആം മിനുട്ടിൽ വീണ്ടും ലിവർപൂൾ ഗോൾ വന്നു.

വീണ്ടും മഗ്വയറും ഷോയും പരസ്പരം ഡിഫൻഡ് ചെയ്യാൻ വിടാതെ ശല്യപ്പെടുത്തി നിമിഷം മുതലെടുത്ത് അറ്റാക്ക് ചെയ്ത ലിവർപൂൾ ജോടയിലൂടെ രണ്ടാം ഗോൾ നേടി. കാര്യങ്ങൾ പിന്നെ കൂടുതൽ മോശമായി. 38ആം മിനുട്ടിൽ മൊ സലാ തന്റെ വേട്ട തുടങ്ങി. ആദ്യ പകുതി അവസാനിക്കും മുമ്പ് 45ആം മിനുട്ടിൽ സലാ തന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയിൽ ലിവർപൂൾ 4-0ന് മുന്നിൽ.

രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്താം എന്നാണ് യുണൈറ്റഡ് കരുതിയത് എങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായി. 50ആം മിനുട്ടിൽ സലാ തന്റെ ഹാട്രിക്ക് തികച്ചു. ഇതിലും കാര്യങ്ങൾ അവസാനിച്ചില്ല. രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്താൻ പകരക്കാരനായി എത്തിച്ച പോഗ്ബ 60ആം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി പോയി.

അവസാന ഏഴ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ 2 മത്സരമാണ് വിജയിച്ചത്. 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ യുണൈറ്റഡ് 14 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ലിവർപൂൾ ആകട്ടെ വിജയത്തോടെ 21 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

Top