കളിക്കളത്തില്‍ ചോരവാര്‍ന്ന് മെസ്സി; ക്രിസ്റ്റ്യാനോയ്ക്ക് ജയ് വിളിച്ച് യുണൈറ്റഡ് ആരാധകര്‍

മാഞ്ചസ്റ്റര്‍: കളിക്കളത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് നിന്ന മെസിയെ ട്രോളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍. യുണൈറ്റഡ് സെന്റര്‍ ബാക്ക് ക്രിസ് സ്മാളിങ്ങിന്റെ ഫൗളില്‍ മെസി ചോരവാര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ ക്രിസ്റ്റിയാനോയുടെ പേര് ഉറക്കെ വിളിച്ച് മെസിയെ ട്രോളിയത്.

മത്സരത്തിന്റെ 30-ാം മിനിറ്റിലായിരുന്നു സംഭവം. യുണൈറ്റഡ് ഡിഫന്‍ഡര്‍ ക്രിസ് സ്മാളിങ്ങിന്റെ ഫൗളില്‍ മെസ്സിക്ക് മൂക്കിന് പരിക്കേല്‍ക്കുകയും മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തു. ചോരവാര്‍ന്നു നിന്ന മെസ്സി കുറച്ച് സമയം മൈതാനത്തുവെച്ചു തന്നെ വൈദ്യസഹായം തേടി. ഇതിനിടെ സ്‌റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുള്ള ജയ് വിളികള്‍ മുഴങ്ങുകയായിരുന്നു.

വൈദ്യസഹായത്തിനായി മെസ്സിയും ബാഴ്‌സയുടെ മെഡിക്കല്‍ സംഘവും സൈഡ് ലൈനിലേക്ക് നീങ്ങിയപ്പോഴും സ്‌റ്റേഡിയം ക്രിസ്റ്റ്യാനോ വിളികളാല്‍ നിറഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളിന്റെ ബലത്തിലാണ് ബാഴ്‌സ ജയിച്ചു കയറിയത്. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ രണ്ടാം പാദത്തില്‍ ജയിച്ചു കയറിയത് ക്വാര്‍ട്ടറിലും ആവര്‍ത്തിക്കുവാനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യം വയ്ക്കുന്നത്.

Top