ചാമ്പ്യന്‍സ് ലീഗ് യോഗ്യത ചെല്‍സിക്കും യുണൈറ്റഡിനും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഈ സീസണിന്റെ അവസാന ദിവസത്തെ നിര്‍ണായകമായ മത്സരങ്ങളില്‍ വെന്നിക്കൊടി പാറിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്കു യോഗ്യത നേടി.

യുനൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ ചെല്‍സി നാലാമതുമെത്തി. യുവേഫ ചാംപ്യന്‍സ് ലീഗ് ബെര്‍ത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെന്ന നിലയില്‍ ഏവരും ഉറ്റുനോക്കിയത് രണ്ടു മല്‍സരങ്ങളായിരുന്നു. ചെല്‍സി- വോള്‍ഫ്സ്, യുനൈറ്റഡ്- ലെസ്റ്റര്‍ സിറ്റി മല്‍സരങ്ങളായിരുന്നു ഇത്. ഇവയില്‍ തന്നെ യുനൈറ്റഡ്- ലെസ്റ്റര്‍ അങ്കം പ്ലേഓഫിന് തുല്യമായിരുന്നു. ലെസ്റ്ററിന്റെ മൈതാനത്തു നടന്ന കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകളുടടെ വിജയവുമായാണ് യുനൈറ്റഡ് ചാംപ്യന്‍സ് ലീഗ് ടിക്കറ്റ് കൈക്കലാക്കിയത്. ചെല്‍സിയാവട്ടെ ഹോം മാച്ചില്‍ ഇതേ സ്‌കോറിനു വേള്‍ഫ്സിനെയും തുരത്തി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ചെല്‍സിയുടെ രണ്ടു ഗോളുകളും വന്നത്. മാസോണ്‍ മൗണ്ടും ഒളിവര്‍ ജിറൗഡുമായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 71-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന് ലീഡ് നല്‍കിയത്

98-ാം മിനിറ്റില്‍ ജെസ്സി ലിന്‍ഗാര്‍ഡും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. 94-ാം മിനിറ്റില്‍ ജോണി ഇവാന്‍സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ലെസ്റ്റര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

മറ്റു മത്സരങ്ങളില്‍ ലിവര്‍പൂള്‍ 3-1ന് ന്യൂകാസിലിനേയും ആഴ്‌സണല്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനേയും തോല്‍പ്പിച്ചു. നോര്‍വിച്ച് സിറ്റിക്കെതിരേ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം.

Top