ഇന്ന് വൈകിട്ട് 6 മണിക്ക് മാഞ്ചസ്റ്റര്‍ ഡര്‍ബി;യുണൈറ്റഡും സിറ്റിയും നേര്‍ക്കുനേര്‍

ന്ന് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബി നടക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്ന മത്സരം. ഇന്ന് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ്ട്രഫോര്‍ഡിലാണ് നാട്ടങ്കം നടക്കുന്നത്. ഈ സീസണ്‍ തുടക്കം മുതല്‍ പ്രതിസന്ധിയില്‍ ഉള്ള ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിന് ഇന്നത്തേത് നിലനിപ്പിന്റെ പോരാട്ടമാണ്. ലിവര്‍പൂളിനോട്  അഞ്ച് ഗോളുകള്‍ക്ക് തോറ്റതിന്റെ ക്ഷീണം ഇപ്പോഴും തീരാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ഡര്‍ബിയിലും തോറ്റാല്‍ സാക്ഷാല്‍ അലക്‌സ് ഫെര്‍ഗൂസണ് പോലും ഒലെയുടെ ജോലി സംരക്ഷിക്കാന്‍ കഴിഞ്ഞേക്കില്ല.

അവസാന രണ്ടു മത്സരങ്ങളില്‍ ബാക്ക് 5 എന്ന ടാക്ടിക്‌സിലേക്ക് മാറിയ ഒലെ ഇന്നും അത് പിന്തുടരാന്‍ ആണ് സാധ്യത. വരാനെ പരിക്കേറ്റ് പിറത്തായത് കൊണ്ട് ലിന്‍ഡെലോഫ് ഫിറ്റ്‌നെസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഒലെ. ലിന്‍ഡെലോഫ് ഉണ്ടാകും എങ്കില്‍ എറിക് ബയി, മഗ്വയര്‍, ലിന്‍ഡെലോഫ് എന്നിവര്‍ ഡിഫന്‍സില്‍ ഇറങ്ങും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്കര്‍ കവാനിയും ഇന്ന് പരിക്ക് കാരണം ഉണ്ടാകില്ല.

പെപ് ഗ്വാര്‍ഡിയോളയുടെ ടീം അയല്‍വാസികളെക്കാള്‍ ഏറെ മെച്ചപ്പെട്ട നിലയില്‍ ആണെങ്കിലും അവസാന ആഴ്ച ക്രിസ്റ്റല്‍ പാലസിനോട് തോറ്റത് സിറ്റിക്ക് ആശങ്ക നല്‍കുന്നുണ്ട്. പെപ് ഗ്വാര്‍ഡിയോളക്ക് സമീപ കാലത്ത് ഒലെയ്ക്ക് എതിരെ നല്ല റെക്കോര്‍ഡ് അല്ല എന്നത് കൊണ്ടും സിറ്റി ഇന്ന് ജയിക്കാന്‍ ആകും ശ്രമിക്കുക. ഇന്ന് വൈകിട്ട് 6 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം

Top