ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി

ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി. ഇന്ത്യന്‍ സമയം വൈകീട്ട് 9.00 മണിക്ക് ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ ട്രെബിളിന് ശേഷം ഇത്തവണയും മികച്ച പ്രകടനമാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം നടത്തുന്നത്. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് സിറ്റി. വോള്‍വ്‌സിനോടും ആഴ്‌സണലിനോടുമാണ് സിറ്റി സീസണില്‍ പരാജയപ്പെട്ടത്.

എര്‍ലിംഗ് ഹാളണ്ടിന്റെ തകര്‍പ്പന്‍ ഫോമിലാണ് സിറ്റിയുടെ പ്രതീക്ഷ. സീസണില്‍ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി 12 മത്സരങ്ങള്‍ കളിച്ച ഹാളണ്ട് 11 ഗോളുകളും രണ്ട് അസിസ്റ്റും നേടിയിക്കഴിഞ്ഞു. കെവിന്‍ ഡിബ്രൂയ്‌നെയും റോഡ്രിഗോ ഹെര്‍ണാണ്ടസും ഇല്ലാത്തതിനാല്‍ ഹാളണ്ടിന്റെ ജോലി വര്‍ദ്ധിക്കും. പ്രീമിയര്‍ ലീഗില്‍ ഇരുടീമുകളും മുന്നേറ്റം ലക്ഷ്യമിടുമ്പോള്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ഒമ്പത് മത്സരങ്ങള്‍ കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചെണ്ണം മാത്രമാണ് വിജയിച്ചത്. നാല് മത്സരം തോറ്റു. ചാമ്പ്യന്‍സ് ലീഗിലും എറിക് ടെന്‍ ഹാഗിന്റെ സംഘം നിരാശപ്പെടുത്തുകയാണ്. പരിക്കിന്റെ പിടിയിലായിരുന്ന ബ്രസീലിയന്‍ താരം കാസിമെറോ തിരിച്ചെത്തുമെന്നത് യുണൈറ്റഡിന് ആശ്വാസമാകും. ചാമ്പ്യന്‍സ് ലീഗില്‍ കോപ്പന്‍ഹാഗനെതിരെ ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാന നടത്തിയ പ്രകടനം യുണൈറ്റഡിന് ആശ്വാസമാണ്.

Top