മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ജര്‍മന്‍ താരം ഇല്‍കായ് ഗുണ്ടോഗന്‍ ഇനി ബാഴ്‌സയ്ക്ക് സ്വന്തം

ബാഴ്സലോണ: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ജര്‍മന്‍ മധ്യനിരതാരമായ ഇല്‍കായ് ഗുണ്ടോഗനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. തിങ്കളാഴ്ച ക്ലബ്ബ് തന്നെ അറിയിച്ചതാണ് ഇക്കാര്യം. ഫ്രീ ട്രാന്‍സ്ഫറായാണ് താരം ബാഴ്‌സയിലെത്തിയിരിക്കുന്നത്.സിറ്റിക്ക് ഗുണ്ടോഗനുമായുള്ള കരാര്‍ പുതുക്കാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും താരം ബാഴ്സലോണയുമായി ധാരണയിലെത്തുകയായിരുന്നു. ആഴ്സണലും താരത്തിനായി ശ്രമം നടത്തിയിരുന്നു. 2025 ജൂണ്‍ 30 വരെയാണ് ബാഴ്സ, ഗുണ്ടോഗനുമായി കരാറിലെത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്കുകൂടി കരാര്‍ പുതുക്കാമെന്നുള്ള വ്യവസ്ഥയുമുണ്ട്.

400 ദശലക്ഷം യൂറോയാണ് കരാര്‍ കാലാവധിക്കിടെ ക്ലബ്ബ് വിടുകയാണെങ്കില്‍ ഗുണ്ടോഗനെ സ്വന്തമാക്കുന്ന ക്ലബ്ബ് നല്‍കേണ്ടുന്ന തുക. താരം മ്യൂണിച്ചില്‍ കഴിഞ്ഞ ആഴ്ച മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായിരുന്നു. 32-കാരനായ മധ്യനിര താരം കഴിഞ്ഞ സീസണില്‍ മൂന്ന് പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കിയ സിറ്റി നിരയിലെ പ്രധാനിയായിരുന്നു. സിറ്റിക്കായി മുന്നൂറിലേറെ മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 14 കിരീട വിജയങ്ങളിലും പങ്കാളിയായി.

Top