ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ തുടർച്ചയായ മൂന്നാം കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ : കളിക്കളത്തിലിറങ്ങും മുൻപേ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ആർസനൽ നോട്ടിങ്ങാം ഫോറസ്റ്റിനോടു തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ഒരു കളി മാത്രം ബാക്കിയുള്ള ആർസനലിന് ഇനി സിറ്റിയെ മറികടക്കാനാവില്ല. സിറ്റി–85, ആർസനൽ–81 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നില. സിറ്റിക്ക് 3 കളി ബാക്കിയുണ്ട്.

ഇന്നു ചെൽസിക്കെതിരെ കളിക്കാനിറങ്ങുമ്പോൾ സിറ്റിക്ക് സ്വന്തം മൈതാനത്ത് വിജയാഘോഷം നടത്താം. കഴിഞ്ഞ 6 സീസണിനിടെ സിറ്റിയുടെ അഞ്ചാം കിരീടമാണിത്. തുടർച്ചയായ മൂന്നാം കിരീടവും. 9–ാം തവണയാണ് സിറ്റി ഇംഗ്ലണ്ടിലെ ക്ലബ് ചാംപ്യൻമാരാകുന്നത്. ഇതിൽ 2 നേട്ടങ്ങൾ പ്രിമിയർ ലീഗിനു മുൻപുണ്ടായിരുന്ന ഫസ്റ്റ് ഡിവിഷനിലാണ്. എഫ്എ കപ്പ് ഫൈനലിലും യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിലും കൂടി എത്തി നിൽക്കുന്നതിനാൽ ട്രെബിൾ നേട്ടമാണ് ഇത്തവണ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ടീമിന്റെ ലക്ഷ്യം.

കിരീടപ്പോരാട്ടത്തിൽ നിലനിൽക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ കളിയുടെ തുടക്കത്തിൽ തന്നെ വഴങ്ങിയ ഗോളാണ് ആർസനലിനു തിരിച്ചടിയായത്. 19–ാം മിനിറ്റിൽ നൈജീരിയൻ താരം തെയ്‌വോ അവോനിയിയാണ് ഫോറസ്റ്റിനായി ലക്ഷ്യം കണ്ടത്. കളിക്കണക്കിൽ ബഹുദൂരം മുന്നിലായിട്ടും ആർസനലിന് ആ ഗോൾ തിരിച്ചടിക്കാനായില്ല. ജയത്തോടെ ഫോറസ്റ്റ് തരംതാഴ്ത്തലിൽ നിന്നു രക്ഷപ്പെട്ടു. 16–ാം സ്ഥാനത്താണ് അവർ.

ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ സജീവമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ബോൺമത്തിനെ 1–0നു തോൽപിച്ചു. 4–ാം സ്ഥാനത്ത് യുണൈറ്റഡിന് 3 പോയിന്റ് ലീഡായി. 5–ാം സ്ഥാനത്തുള്ള ലിവർപൂൾ ഇന്നലെ ആസ്റ്റൻ വില്ലയോടു സമനില (1–1) വഴങ്ങിയതും യുണൈറ്റഡിന് നേട്ടമായി. യുണൈറ്റഡിന് 2 മത്സരങ്ങളും ലിവർപൂളിന് ഒരു മത്സരവുമാണ് ഇനി ശേഷിക്കുന്നത്.

Top