പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം; ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ചെല്‍സിയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. 53-ാം മിനിട്ടില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ജെസ്യൂസാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെയുള്ള ചെല്‍സിയുടെ കുതിപ്പിനാണ് സിറ്റി അവസാനം കുറിച്ചത്.

അതേസമയം മറ്റൊരു മത്സരത്തില്‍ പരാജയമറിയാതെ മുന്നേറിയിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയോട് തോല്‍വി ഏറ്റുവാങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്റ്റണ്‍ വില്ലയുടെയും വിജയം. മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ 88-ാം മിനിട്ടില്‍ കോര്‍ട്നി ഹൗസാണ് വില്ലയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

വിജയത്തോടെ ആറുമത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 13 പോയിന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്തും യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്. ചെല്‍സിയും യുണൈറ്റഡും തോറ്റതോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി.

ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഡീപോര്‍ട്ടീവോ അലാവെസ് അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അലാവെസിന്റെ വിജയം. പത്താം മിനിട്ടില്‍ വിക്ടര്‍ ലഗ്വാര്‍ദിയയാണ് അലാവെസിനായി ഗോള്‍ നേടിയത്. 2003-ന് ശേഷം അത്ലറ്റിക്കോയ്ക്കെതിരെ അലാവെസിന്റെ ആദ്യ വിജയമാണിത്. അതേസമയം മാഡ്രിഡിന്റെ ഈ സീസണിലെ ആദ്യത്തെ പരാജയം കൂടിയാണിത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി അത്ലറ്റിക്കോ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി റയല്‍ മാഡ്രിഡാണ് ഒന്നാമത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റ് മാത്രമുള്ള ബാഴ്സലോണ എട്ടാമതാണ്.

 

Top