പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ സിറ്റി

ലണ്ടന്‍: നൂറു ദിവസങ്ങള്‍ക്കു ശേഷം പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. സ്വന്തം മൈതാനത്ത് ആഴ്‌സണലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്.
റഹീം സ്റ്റെര്‍ലിങ്, കെവിന്‍ ഡിബ്രുയിന്‍, ഫില്‍ ഫോഡന്‍ എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ നേടിയത്.

കളിയുടെ തുടക്കത്തില്‍ തന്നെ പരിക്ക് കാരണം ഏഴാം മിനിറ്റില്‍ തന്നെ ഗ്രാനിത് സാക്കയ്ക്ക് മടങ്ങേണ്ടി വന്നു. 24-ാം മിനിറ്റില്‍ കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് പാബ്ലോ മാരിയും മടങ്ങി. 25 മിനിറ്റ് മാത്രമാണ് ലൂയിസ് കളത്തിലുണ്ടായിരുന്നത്. എന്നാല്‍ ഗണ്ണേഴ്‌സിന്റെ വലയിലെത്തിയ രണ്ടു ഗോളുകള്‍
ക്കും പഴി കേട്ടത് ലൂയിസായിരുന്നു.

ആദ്യ പകുതിയുടെ അധിക സമയത്ത് ലൂയിസിന്റെ പിഴവില്‍ നിന്നാണ് സ്റ്റെര്‍ലിങ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 49-ാം മിനിറ്റില്‍ റിയാദ് മെഹ്‌റസിനെതിരായ ലൂയിസിന്റെ ഫൗള്‍ പെനാല്‍റ്റിക്കും കാരണമായി. ഈ ഫൗളിന് ലൂയിസിന് ചുവപ്പുകാര്‍ഡ് ലഭിക്കുകയും ചെയ്തു. ശേഷിച്ച സമയം 10 പേരുമായാണ് ഗണ്ണേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്. ഈ പെനാല്‍റ്റി ഡിബ്രുയിന് വലയിലെത്തിക്കുകയും ചെയ്തു. പിന്നീട് ഇഞ്ചുറി ടൈമില്‍ ഫോഡന്‍ സിറ്റിയുടെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു.

സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും നേരത്തെ അദ്ദേഹത്തിന്റെ സഹ പരിശീലകനായിരുന്ന ആഴ്‌സണല്‍ കോച്ച് മൈക്കല്‍ അര്‍ട്ടേറ്റയും മുഖാമുഖം വന്ന മത്സരം കൂടിയായിരുന്നു ഇത്. ഇതോടെ 29 മത്സരങ്ങളില്‍ നിന്ന് 60 പോയന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. 53 പോയന്റുമായി ലെസ്റ്റര്‍ സിറ്റിയാണ് മൂന്നാമത്.
മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങള്‍ മുട്ടുകുത്തിയിരുന്ന് അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന് ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിന്റെ ഭാഗമായി ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാമ്പെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

Top