ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗിലെ കന്നിക്കാരായ ലൂട്ടണ്‍ ടൗണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ ടീം. എങ്കിലും രണ്ടാം പകുതിയില്‍ ബെര്‍ണാഡോ സില്‍വയുടെയും ജാക്ക് ഗ്രീലിഷിന്റെയും ഗോളുകളില്‍ സിറ്റി തിരിച്ചുവന്നു. മൂന്ന് സമനിലയ്ക്കും കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോടേറ്റ തോല്‍വിക്കും ശേഷമാണ് സിറ്റിയുടെ തിരിച്ചുവരവ്.

വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ ഫുള്‍ഹാം ഗോള്‍ മഴ വര്‍ഷിച്ചു. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഫുള്‍ഹാം വെസ്റ്റ് ഹാമിനെ തകര്‍ത്തത്. പോയിന്റ് ടേബിളില്‍ ലിവര്‍പൂള്‍ ഒന്നാമതും ആഴ്‌സണല്‍ രണ്ടാമതുമാണ്. ആസ്റ്റണ്‍ വില്ല മൂന്നാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തുമുണ്ട്.

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണിനോട് എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി തോല്‍വി വഴങ്ങി. മത്സരത്തിന്റെ 72 ശതമാനവും പന്ത് നിയന്ത്രിച്ചത് ചെല്‍സി ആയിരുന്നു. ഒമ്പത് ഷോട്ടുകള്‍ ഉതിര്‍ത്ത ചെല്‍സി താരങ്ങള്‍ അഞ്ചെണ്ണം ഗോള്‍പോസ്റ്റിനെ ലക്ഷ്യം വെച്ചു. എന്നാല്‍ വെറും 28 ശതമാനം പന്ത് കൈവശം വെച്ച എവര്‍ട്ടണ്‍ 16 ഷോട്ടുകള്‍ പായിച്ചു. നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

Top