നോര്‍വിച്ചിനെ അഞ്ച് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റി. നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് സിറ്റി തകര്‍ത്തെറിഞ്ഞത്. ആദ്യ മത്സരത്തില്‍ ടോട്ടനത്തോട് പരാജയപ്പെട്ട സിറ്റിക്ക് ഈ വിജയം ആശ്വാസമായി. ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയന്റുമായി സിറ്റി ആറാം സ്ഥാനത്താണ്.

കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ സിറ്റി കളിയുടെ ആധിപത്യം പിടിച്ചെടുത്തു. ടിം ക്രുലിന്റെ സെല്‍ഫ് ഗോളാണ് സിറ്റിക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. ഗബ്രിയേല്‍ ജെസ്യുസിന്റെ ഷോട്ട് തടയാന്‍ ശ്രമിച്ച ക്രുലിന് സംഭവിച്ച പിഴവില്‍ നിന്ന് പന്ത് വലയിലെത്തുകയായിരുന്നു. 22ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷ് സിറ്റിയുടെ ലീഡുയര്‍ത്തി. കൈല്‍ വാക്കറിന്റെ ക്രോസില്‍ ഗ്രീലിഷിന്റെ കാലില്‍ തട്ടിയ പന്ത് വലയിലെത്തുകയായിരുന്നു.

പിന്നീട് രണ്ടാം പകുതിയിലെ 64ാം മിനിറ്റില്‍ ഐമമെറിക് ലപോര്‍ട്ടെയിലൂടെ സിറ്റി വീണ്ടും ലീഡുയര്‍ത്തി. 71ാം മിനിറ്റില്‍ ജെസ്യൂസിന്റെ പാസില്‍ റഹീം സ്‌റ്റെര്‍ലിങ് സിറ്റിക്കായി നാലാം ഗോള്‍ കണ്ടെത്തി. 84ാം മിനിറ്റില്‍ റിയാദ് മഹ്‌റെസിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ പട്ടിക തികച്ചു.

Top