മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചത്തെ സാവകാശമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ ഹൈക്കോടതിയെ അറിയിക്കണമെന്നും ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ കേസ് നടപടികള്‍ ആടുത്ത മാസം അഞ്ചിന് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം, കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും. 2016 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭയില്‍ യുഡിഎഫിന്റെ പി .ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

സിപിഎമ്മും മുസ്ലീം ലീഗും ചേര്‍ന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രന്‍ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചത്.

Top