മഞ്ചിക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകൾ മൈന്‍ ആക്രമണത്തിന് പദ്ധതിയിട്ടു ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

പാലക്കാട് : ഉത്തരേന്ത്യൻ രീതിയിലുള്ള ആക്രമണ രീതികൾ അട്ടപ്പാടി വനത്തിലെ മാവോയിസ്റ്റുകളും പരിശീലിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ടവരിൽ നിന്ന് ലഭിച്ച ലാപ്ടോപ്പിലെ കുഴിബോംബ് സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ആക്രമണത്തിന് മൈൻ പാകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ ലാപ്ടോപിൽ നിന്ന് കിട്ടിയതായി പൊലീസ് വ്യക്തമാക്കി. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ അയച്ചുകൊടുത്തതാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങളിലെ ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇതാദ്യമായാണ് ഇത്തരത്തിലൊരു വീഡിയോ പൊലീസിന് കിട്ടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങൾക്ക് മാവോയിസ്റ്റ് സെന്ട്രൽ കമ്മിറ്റി അയച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് സ്ഥിരീകരണം. സായുധ പരീശലനത്തിനൊപ്പം ഇത്തരം സ്ഫോടനങ്ങളും അട്ടപ്പാടിയിലെത്തിയ ഭവാനിദളം പ്രവർത്തകർ ശ്രമിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

ദൃശ്യങ്ങളിലുള്ള മാവോയിസ്റ്റ് അംഗങ്ങളെ തിരിച്ചറിയാൻ വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് കേരള പൊലീസ് ഈ ദൃശ്യങ്ങൾ കൈമാറി. ഇവരുടെ സാന്നിധ്യം കേരളത്തിലുണ്ടോയെന്നും സംശയമുണ്ട്.

മഞ്ചിക്കണ്ടിയിൽ നിന്ന് ലഭിച്ച ലാപ്ടോപ്പ് , പെൻഡ്രൈവ് എന്നിവയിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങളും ഡയറിക്കുറിപ്പുകളും പൊലീസിന്റെ വിദഗ്ധരായ സംഘം പരിശോധിച്ച് വരികയാണ്. മാവോയിസ്റ്റ് നേതാവ് ജാർഖണ്ഡുകാരനായ ദീപക്കാണ് അട്ടപ്പാടിയിലെ ഭവാനി ദളത്തിൽ പരിശീലനം നൽകുന്നത്. ഇത് ഏറെ ഗൗരവത്തോടെയാണ് നക്സൽ വിരുദ്ധ സേന വിലയിരുത്തുന്നത്.

Top