വീണ്ടും കസ്റ്റഡി മർദ്ദനം ; കുടൽ തകർന്നെന്ന പരാതിയുമായി പോലീസ് നിയമനം കാത്തിരിക്കുന്ന യുവാവ്

കൊല്ലം: പോലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തില്‍ കുടല്‍ തകര്‍ന്നെന്ന പരാതിയുമായി യുവാവ്. മര്‍ദ്ദനമേറ്റ കുണ്ടറ പടപ്പക്കര സ്വദേശി കുളത്തിപ്പൊയ്ക മേലതില്‍ വീട്ടില്‍ സജീവിനെ(35) തിരുവനന്തപുരം മെഡി കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പോലീസ് നിയമനം കാത്തിരിക്കുന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 27 ന് കുണ്ടറ സ്വദേശി സജീവിനെയും സുഹൃത്തിനെയും റോഡില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പോലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം നടത്തിയെന്നാണ് പരാതി. വയറില്‍ ബൂട്ടുപയോഗിച്ച് ചവുട്ടി.

റിമാന്‍ഡിലായി ജില്ലാ ജയിലിലെത്തിയതിനെ പിന്നാലെ കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതയുമുണ്ടായി. ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ കുടലിന് പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

യുവാവിന്റെ ഭാര്യ വനിതാ പോലീസാണ്. ഇവര്‍ തമ്മില്‍ വിവാഹ മോചന കേസ് നടക്കുന്നുണ്ട്. മര്‍ദ്ദനത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന ആരോപണം സജീവിന്റെ അഭിഭാഷകന്‍ ജോസ് കുണ്ടറ പറയുന്നു.

2015ല്‍ യുവാവിന് പോലീസ് നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചിരുന്നു. കുടുംബവഴക്ക് അടക്കം നേരത്തെ ചില കേസുകളില്‍ ഉള്‍പ്പെട്ട സജീവ് നിയമപരമായി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് നിയമനം നേടാനിരിക്കെയാണ് സംഭവം.

Top