മനാഫ് വധം ; എം.എല്‍.എക്കെതിരെ കേസെടുക്കണം, 23 വര്‍ഷത്തെ അട്ടിമറി അക്കമിട്ടു നിരത്തി കുടുംബം

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരെ പിടികൂടാത്തതും അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വെറുതെവിട്ടതുമായ അട്ടിമറികള്‍ അക്കമിട്ടു നിരത്തി കുടുംബം.

മുഖ്യപ്രതികളായ അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരെ കഴിഞ്ഞ 23 വര്‍ഷമായി പിടികൂടാത്ത പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മനാഫിന്റെ ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊലപാതകക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ 23 വര്‍ഷമായി നീതിതേടി പോരാടുന്ന കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് ഒതായി അങ്ങാടിയില്‍ വെച്ച് മനാഫിനെ ദാരുണമായി കൊലപ്പെടുത്തിയത്. മനാഫിനെ മൂന്നു തവണ പിന്നില്‍ നിന്നും കത്തികൊണ്ട് കുത്തിയ കേസിലെ ഒന്നാം പ്രതി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവര്‍ ഗള്‍ഫില്‍ ഒളിവില്‍ താമസിക്കുകയാണ്. ഇവര്‍ പലതവണ നാട്ടില്‍ വന്നുപോയിട്ടും പോലീസ് അറസ്റ്റു ചെയ്തിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലുള്ള കേസില്‍പോലും ലുക്കൗട്ട് നോട്ടീസ് ഇറക്കില്‍ ഗള്‍ഫിലുള്ള പ്രതികളെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തുകൊണ്ടുവരുന്ന പോലീസ് കോടതി ഉത്തരവുണ്ടായിട്ടും കൊലപാതകക്കേസ് പ്രതികളായ ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍പോലും തയ്യാറായിട്ടില്ല. അന്‍വര്‍ എം.എല്‍.എയായശേഷവും പല തവണ ഇവരെ ഗള്‍ഫില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന് 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് നല്‍കിയ ഹര്‍ജിയിലാണ് പ്രതികളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഇക്കഴിഞ്ഞ ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു ശേഷമാണ് ആഗസ്റ്റ് 30ന് എളമരം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇവരില്‍ കബീര്‍ കഴിഞ്ഞ മൂന്നുമാസമായി എളമരം മപ്രത്തെ വീട്ടിലാണ് താമസം. ഇയാള്‍ ഗള്‍ഫിലാണെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കബീര്‍ വീട്ടിലുണ്ടെന്ന് പലതവണ എടവണ്ണ പോലീസില്‍ അറിയിച്ചിട്ടും പിടികൂടിയില്ല. പോലീസ് ഒത്താശയോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. പ്രതികളുടെ പടം മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ കീഴടങ്ങല്‍ നാടകം കളിക്കുകയായിരുന്നു.

manaf murder

നിലമ്പൂര്‍ സ്വദേശിയായ മുനീബ് അന്‍വറിന്റെ പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്നു. പാര്‍ക്കിലെ നിയമലംഘനങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തവരികയും ദൃശ്യമാധ്യമങ്ങള്‍ പാര്‍ക്കില്‍ എത്തുകയും ചെയ്തതോടെയാണ് മുനീബിനെ അവിടെനിന്നും മാറ്റിയത്.

പണവും സ്വാധീനവും ഉപയോഗിച്ചും കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചും ഒന്നാം സാക്ഷിയെ കൂറുമാറ്റിച്ചുമാണ് പി.വി അന്‍വര്‍ അടക്കം കേസിലെ 21 പ്രതികളെ വെറുതെവിട്ടത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. സെഷന്‍സ് കോടതി വിധി റദ്ദാക്കി അന്‍വര്‍ അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായിട്ടും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുകയാണ് പോലീസ്. ദീര്‍ഘവാറണ്ട് കേസിലെ പ്രതികളെ പിടികൂടാന്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും നിലവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹറയും നടത്തിയ സ്‌പെഷല്‍ ഡ്രൈവിലും മനാഫ് വധക്കേസ് പ്രതികളെ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് അന്വേഷണം നടത്തണം.

മനാഫ് വധക്കേസില്‍ അഞ്ചാം പ്രതിയായിരുന്ന ചീക്കോട് വെട്ടുപാറ ഹബീബ് റഹ്മാന്‍ അഞ്ചു കോടിയുടെ മയക്കുമരുന്നുമായി പോലീസ് പിടിയിലായിരുന്നു. ഏഴാം പ്രതി കൊളക്കാടന്‍ ആസാദ് കേസില്‍ വെറുതെവിട്ടതിനു ശേഷമാണ് ആതിഖ് റഹ്മാനെ കൊലപ്പെടുത്തുകയും പിന്നീട് കുനിയിലില്‍ വെച്ച് സഹോദരനൊപ്പം കൊല്ലപ്പെടുകയും ചെയ്തത്.

മനാഫ് വധക്കേസില്‍ നീതിയുക്തമായ വിചാരണയും ശിക്ഷയും നല്‍കിയിരുന്നെങ്കില്‍ ആതിഖ്‌റഹ്മാന്‍ വധവും കുനിയില്‍ ഇരട്ടക്കൊലപാതകങ്ങളും ഉണ്ടാവുമായിരുന്നില്ല. ഇനിയൊരു നിരപരാധിയുടെ ജീവന്‍കൂടി കൊലക്കത്തിക്കിരയാകാതിരിക്കാന്‍ മനാഫ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്നതിനും നീതിയുക്തമായ വിചാരണ നടക്കണം. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ കേസ് അട്ടിമറിക്കുന്ന പോലീസിന്റെയും പി.വി അന്‍വര്‍ എം.എല്‍.എയുടെ ഗൂഢനീക്കത്തിനെ നിയമപോരാട്ടം തുടരുമെന്നും മനാഫിന്റെ സഹോദരങ്ങളായ അബ്ദുല്‍റസാഖ്, ഫാത്തിമ, മന്‍സൂര്‍, പിതൃസഹോദരന്‍ പി.പി അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.

Top