കൊറോണ; ബഹറൈനില്‍ ഒന്‍പതു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു

മനാമ: കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബഹറൈനില്‍ ഒന്‍പതു പേര്‍ക്കു കൂടി വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

ബഹറൈന്‍, സൗദി പൗരന്‍മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് ബഹറൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഇതുവരെ രാജ്യത്ത് 17 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആദ്യം വിമാനത്താവളത്തിലെ തന്നെ ഐസോലേഷന്‍ മേഖലയിലേക്കും പിന്നീട് അല്‍ സമാനിയയിലെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഇന്നലെ ബഹ്‌റൈനിലെ ഒരു സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. അതേ തുടര്‍ന്ന് അദ്ദേഹം ഓടിച്ച ബസിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

Top