management againest govt

ആലപ്പുഴ : തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ വെട്ടിലായത് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍.

വരും ദിവസങ്ങളില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും മറ്റും വിജിലന്‍സ് നിരീക്ഷണം ശക്തമാക്കുമെന്നാണ് സൂചന.കോഴ പണം കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ അറസ്റ്റിലാകുമെന്ന് മാത്രമല്ല,ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെ ത്രിശങ്കുവിലാകും.

തലവരിപ്പണം വാങ്ങുന്നതിനെ അഴിമതിയായി കണക്കാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതു വെറും വാക്കല്ല, ഒറ്റ ദിവസം കൊണ്ടു പ്രഖ്യാപിക്കുന്നതുമല്ല. സര്‍ക്കാര്‍ ആലോചിച്ച് ഉത്തരവാദിത്തോടെയും അര്‍പ്പിതമായ കടമയോടെയുമാണ് ഇക്കാര്യം പറയുന്നതെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ നോക്കികാണുന്നത്.

എല്‍കെജി മുതല്‍ പ്രൊഫഷണല്‍ കോളേജ് വരെ വന്‍തുക കോഴവാങ്ങി വിദ്യാഭ്യാസ കച്ചവടം നടത്തുന്ന നിലവിലെ സമ്പ്രദായം തന്നെ മാറ്റിമറിക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി.

സര്‍ക്കാരിനെ പ്രകോപിപ്പിച്ചത് കുരിശായിപോയെന്ന ചിന്താഗതിയാണിപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ക്കെന്നാണ് ലഭിക്കുന്ന സൂചന.

Top