മനാഫ് വധക്കേസ് ഒന്നാം പ്രതിയും പൊലീസ് സഹായത്തോടെ കീഴടങ്ങാനൊരുങ്ങുന്നു

മലപ്പുറം: മനാഫ് വധക്കേസില്‍ 24 വര്‍ഷമായി ഒളിവില്‍ക്കഴിഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാര്‍
ദുബായില്‍ സുഖജീവിതം നയിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്.

ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖും (49) സഹോദരനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫും (51) പാട്ടുപാടിയും കളിച്ചും അടിച്ചുപൊളിച്ചു ജീവിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളുമാണ് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് പുറത്തുവിട്ടത്. നാട്ടിലെത്തിയ ഷെഫീഖ് അടുത്തദിവസം കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരടക്കം നാലു പ്രതികളെയും മൂന്നു മാസത്തിനകം ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടെങ്കിലും ആറുമാസമായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടില്ല.

എം.എല്‍.എയുടെ സഹോദരീപുത്രനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് 21ന് മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ച ഷെഫീഖ് നെഞ്ചുവേദന അഭിനയിച്ച് പൊലീസ് സഹായത്തോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖ ചികിത്സയിലാണ്.

ഇനി കേസില്‍ പിടിയിലാകാനുള്ള ഒന്നാം പ്രതി ഷെഫീഖ് മുണ്ടേങ്ങരയിലെ ഫുട്‌ബോള്‍ കമ്പത്തെക്കുറിച്ച് പാട്ടുപാടുന്നതും ഷെഫീഖും സഹോദരന്‍ ഷെരീഫും യു.എ.ഇ മുണ്ടേങ്ങര പ്രവാസി അസോസിയേഷന്റെ കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതും സ്‌പോര്‍ട്‌സ് മീറ്റില്‍ ഫുട്‌ബോള്‍ കളിക്കുന്നതടക്കമുള്ള ഫോട്ടോകളുമാണ് മനാഫിന്റെ സഹോദരന്‍ പുറത്തുവിട്ടത്. ലുക്കൗട്ട് നോട്ടീസിറക്കി ഇവരെ പിടികൂടണമെന്ന് കോടതി ഉത്തരവിറക്കിയ ശേഷവും ഇവര്‍ ഷാര്‍ജയില്‍ യു.എ.ഇ മുണ്ടേങ്ങര പ്രവാസി അസോസിയേഷന്‍ കുടുംബസംഗമത്തിലും കഴിഞ്ഞ ഒക്ടോബര്‍ 19ലെ ഫുട്‌ബോള്‍ മത്സരങ്ങളിലും പങ്കെടുത്തിരുന്നു.

മനാഫിനെ കൊലപ്പെടുത്തി 24 വര്‍ഷം ഗള്‍ഫില്‍ സുഖജീവിതം കഴിഞ്ഞ് കീഴടങ്ങിയിട്ടും മൂന്നാം പ്രതി ഷെഫീഖിന് അസുഖം അഭിനയിച്ച് മഞ്ചേരി ആശുപത്രിയില്‍ സുഖചികിത്സ നല്‍കുന്നതിനെതിരെ മനാഫിന്റെ സഹാദരന്‍ അബ്ദുല്‍റസാഖ് ഇന്ന് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കമുള്ള സന്ദര്‍ശകരെ അനുവദിച്ചും വീട്ടില്‍ നിന്നുള്ള ഭക്ഷണം നല്‍കിയും പൊലീസും ജയില്‍ അധികൃതരും നിയമം കാറ്റില്‍പ്പറത്തുകയാണെന്നും ആരോപണമുണ്ട്.

കേസിലെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ നാടകീയമായി കഴിഞ്ഞ ആഗസ്റ്റ് 30തിന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇവര്‍ നാട്ടിലുള്ളതായുള്ള വിവരം പലതവണ അറിയിച്ചിട്ടും അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കം 21 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ പ്രതികള്‍ക്ക് ശിക്ഷനല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Top