ആ കുടുംബം 23 വർഷമായി കാത്തിരിക്കുന്നു, എം.എൽ.എ അൻവറിനെതിരായ നടപടിക്ക് !

നിലമ്പൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് ഇന്ന് 23 വര്‍ഷം. നാടിനെ നടുക്കിയ അരുംകൊല കഴിഞ്ഞ് 23 വര്‍ഷം പിന്നിടുമ്പോഴും നീതിതേടിയുള്ള നിയമപോരാട്ടം തുടരുകയാണ്.

പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ട മഞ്ചേരി സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. നീതി തേടി മനാഫിന്റെ സഹോദരന്‍ അബ്ദുള്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ ഉള്‍പ്പെടെ വിചാരണ നേരിട്ട 21 പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതി 2009ല്‍ വെറുതെവിട്ടത്.

മനാഫിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവായിരുന്ന സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി കുറുക്കന്‍ ഉണ്ണിമുഹമ്മദിന്റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി, ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രശ്‌നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 1995 ഏപ്രില്‍ 12ന് അന്‍വറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് രാത്രി മനാഫിന്റെ വീട്ടിലെത്തി അറിയിച്ചു. ഇതിനുശേഷം മനാഫിന്റെ ഓട്ടോയില്‍ മടങ്ങിപോകുന്നതിനിടെ അന്‍വറിന്റെ സഹോദരീ പുത്രനും കേസിലെ ഒന്നാം പ്രതിയുമായ മാലങ്ങാടന്‍ സിയാദ്, ഓട്ടോ തടഞ്ഞ് ഉണ്ണി മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ മനാഫുമായി സിയാദ് ഉന്തും തള്ളുമായി. ഇതില്‍ പ്രതികാരം തീര്‍ക്കാന്‍ പിറ്റേദിവസം പി.വി അന്‍വറിന്റെയും സിയാദിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മനാഫിന്റെ വീട്ടിലെത്തി സഹോദരി അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ മനാഫ് ഓട്ടോയില്‍ ഒതായി അങ്ങാടിയിലെത്തിയപ്പോള്‍ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മര്‍ദ്ദിച്ചു. തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മര്‍ദ്ദനമേറ്റു. ആലിക്കുട്ടിയുടെ കണ്‍മുന്നില്‍വെച്ചാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്.

കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെവിട്ടത്. നിലവിലെ ഹൈക്കോടതി ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ) സി. ശ്രീധരന്‍ നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ തന്നെ ആരോപിച്ചിരുന്നു.

പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എയടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്. മനാഫ് വധക്കേസിലെ അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ രണ്ടു പ്രതികള്‍ വിദേശത്ത് ഒളിവിലാണ്. ഇവരെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല.

Top