മനാഫ് വധം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ബന്ധുവായ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖി (50) ന്റെ ജാമ്യാപേക്ഷ തള്ളി. കൊലപാതകത്തിന് ശേഷം ഒളിവിലായ പ്രതിയെ 25 വര്‍ഷത്തിനു ശേഷമാണ് പിടികൂടിയത്.

മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് ജഡ്ജ് ടി.പി സുരേഷ്ബാബവാണ് ജാമ്യാപേക്ഷ തള്ളിയത്. നിയമവ്യവസ്ഥയെ കബളിപ്പിച്ച് 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്നും കൂട്ടുപ്രതികള്‍ക്ക് 90 ദിവസം കഴിഞ്ഞിട്ടും ഹൈക്കോടതി ജാമ്യം അനുവദിക്കാത്തും ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.

കേസിലെ കൂട്ട് പ്രതികളായിരുന്ന എളമരം മപ്രം പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നിലനില്‍ക്കെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും ജാമ്യം നേടിയത് വിവാദമായിരുന്നു.

നിയമത്തെ കബളിപ്പിച്ചാണ് പ്രതികള്‍ ജാമ്യം നേടിയതെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും രണ്ടു പേര്‍ക്കും 15,000 രൂപവീതം പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വിചാരണക്കോടതി ജാമ്യം അനുവദിച്ചതില്‍ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കി.

ഹൈക്കോടതി ജില്ലാ ജഡ്ജിയോട് അന്വേഷിക്കാന്‍ ഉത്തരവിടുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വഴി വിട്ട് ജാമ്യം നല്‍കിയ ജഡ്ജിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് മുന്നിലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്.

പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്.അന്‍വറടക്കമുള്ള പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

Top