മനാഫ് വധക്കേസില്‍ എം.എല്‍.എയുടെ അനന്തിരവന്‍ കീഴടങ്ങി

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസില്‍ 24 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് (51) മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ഷെരീഫിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ജയിലിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത പ്രകടിപ്പിച്ച ഷെരീഫിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കേസില്‍ ഒന്നാം പ്രതിയായ ഷെരീഫിന്റെ സഹോദരന്‍ മാലങ്ങാടന്‍ ഷെഫീഖി (49)നെ ഇനിയും പിടികൂടാനായിട്ടില്ല.

പി.വി അന്‍വര്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരായ പ്രതികളെ മൂന്നു മാസത്തിനകം ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന കോടതി ഉത്തരവ് ആറുമാസമായിട്ടും പോലീസ് നടപ്പാക്കിയിരുന്നില്ല. കൊലപാതകം നടന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും നാലു പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നു കാണിച്ച് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖാണ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിനെ സമീപിച്ചിരുന്നു. നാലു പ്രതികളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാന്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കഴിഞ്ഞ ജൂലൈ 25ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവില്‍ അടയിരുന്ന പോലീസ് പ്രതികളെ പിടികൂടാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടെ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട് തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ നാടകീയമായി കഴിഞ്ഞ ആഗസ്റ്റ് 30തിന് കോടതിയില്‍ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും മഞ്ചേരി ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യാപേക്ഷ പരിഗണിക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇരുവരും മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യംനേടിയതും വിവാദമായിരുന്നു. നിയമവ്യവസ്ഥയെ കബളിപ്പിച്ച ജാമ്യം നേടിയ ഇരുവര്‍ക്കും ഹൈക്കോടതി 15000 രൂപ വീതം പിഴശിക്ഷ വിധിക്കുകയും ചെയ്തു.

മനാഫ് കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ ഗസറ്റില്‍ പരസ്യം നല്‍കി കബീര്‍ എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റി ഈ പേരില്‍ പുതിയ പാസ്പോര്‍ട്ടും നേടിയിരുന്നു. ഇതോടെ 86 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായ കബീറിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് റിമാന്റ് ചെയ്തു വീണ്ടും ജയിലിലേക്കയച്ചു. ഇപ്പോള്‍ കബീറും മുനീബും ജാമ്യത്തിലാണ് .

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എ അടക്കം 21 പ്രതികളെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ഇന്നത്തെ ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Top