മനാഫ് വധക്കേസ്;ഷെരീഫിന്റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി,ഹൈക്കോടതി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

highcourt

കൊച്ചി: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫ് വധക്കേസില്‍ 24 വര്‍ഷത്തിനു ശേഷം കീഴടങ്ങിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫി (51)ന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.

മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖാണ് ഹൈക്കോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.

ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് കേസില്‍ രണ്ടാം പ്രതിയായ പി.വി അന്‍വറടക്കം 21 പേരെ വിചാരണക്കോടതി വെറുതെ വിട്ടത്. അന്‍വറടക്കമുള്ളവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍.

മനാഫ് കൊല്ലപ്പെട്ട് 23 വര്‍ഷമായിട്ടും അന്‍വറിന്റെ സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികളെ പിടികൂടാന്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതോടെ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. പ്രതികളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടികൂടാന്‍ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് കോടതി ജൂലൈ 25ന് ഉത്തരവിട്ടെങ്കിലും എട്ടുമാസം കഴിഞ്ഞിട്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടില്ല. ഇതിനിടെയാണ് മൂന്നു പ്രതികളും കോടതിയില്‍ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെഫീഖിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.

ഷെഫീഖും ഷെരീഫും ദുബായില്‍ സുഖജീവിതം നയിക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും മനാഫിന്റെ കുടുംബം പുറത്തു വിടുകയും പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. എന്നിട്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇവരെ പിടികൂടാതിരുന്നത് കേസിലെ രണ്ടാംപ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ രാഷ്ട്രീയ, ഭരണസ്വാധീനം കാരണമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അബ്ദുല്‍റസാഖിനു വേണ്ടി മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.എസ്. ശ്രീകുമാര്‍ പി.കെ സോയൂസ് എന്നിവര്‍ ഹാജരായി.

Top