സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവ്; മനാഫ് വധക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസില്‍ എം.എല്‍.എയുടെ അനന്തിരവന്‍മാരടക്കമുള്ള പ്രതികളുടെ വിചാരണക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരനായ മനാഫിന്റെ സഹോദരന്‍
നിര്‍ദ്ദേശിക്കുന്ന അഭിഭാഷക പാനലില്‍ നിന്നും ഒരു മാസത്തിനകം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ജസ്റ്റിസ് അശോക് മേനോന്‍ ഉത്തരവിട്ടു. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന് വേണ്ടി മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍, പി.കെ. സോയൂസ് എന്നിവര്‍ ഹാജരായി.

മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും പ്രതികളെ വെറുതെവിട്ട കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുമുതല്‍ ധൂര്‍ത്തടിക്കലാകുമെന്നുമുള്ള കേസിലെ ആദ്യത്തെ പ്രോസിക്യൂട്ടര്‍ കൂടിയായ നിലവിലെ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷര്‍ സി. ശ്രീധരന്‍ നായരുടെ റിപ്പോര്‍ട്ട്‌ പ്രകാരമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം സര്‍ക്കാര്‍ തള്ളിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എയടക്കം വെറുതെവിട്ട 21 പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതിനിരീക്ഷിച്ചു.

1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പടുത്തിയത്. നിരവധി ദൃക്‌സാക്ഷികളുയിരുന്ന പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. നിലവിലെ ഡി.ജി.പി ( ഡയറക്ടര്‍ ജനറല്‍ ഓഫ്‌പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായരായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നല്‍കാനോ ശ്രമിക്കാതെ ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി.കേസില്‍ പി.വി അന്‍വറിന്റെ സഹോദരീപുത്രന്‍മാരടക്കം നാല് പ്രതികളെ 23 വര്‍ഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാന്‍ നടപടിയാവശ്യെപ്പട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായേത്താടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിമ വര്‍ഷം ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാട് ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്. ഒന്നാം പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍ മാലങ്ങാട് ഷെഫീഖ് കഴിഞ്ഞ 24 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുകയാണ്. ലുക്ക് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായേത്താടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് 15 മാസമായിട്ടും നടപ്പാക്കിയിട്ടില്ല. കീഴടങ്ങിയ പ്രതികളുടെ വിചാരണക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യെപ്പട്ട് മനാഫിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ 45 ദിവസത്തിനകം അനുകൂല തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് 20തിന് ഉത്തരവിട്ടിരുന്നു. ഒരു പതിറ്റാണ്ട് വിദേശത്ത് ഒളിവില്‍ക്കഴിഞ്ഞ പ്രതികള്‍ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിക്കാനാണ്‌ ഹൈക്കോടതി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അനുകൂല തീരുമാനമെടുക്കാന്‍ ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവു പ്രകാരം ആഭ്യന്തര വകുപ്പിലെ അര്‍സെക്രട്ടറി നടത്തിയ വിചാരണയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഡി.ജി.പി ശ്രീധരന്‍നായര്‍ നല്‍കിയ എതിര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയത്. ഈ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരന്‍ നായര്‍ ഡി.ജി.പിയായതോടെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഒഴിവ് വന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വേതനം നല്‍കാന്‍ തയ്യാറാണെന്ന് മനാഫിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും അതും സര്‍ക്കാര്‍ പരിഗണിക്കാതെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയത്. ഇതോടെയാണ് മനാഫിന്റെ സഹോദരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മനാഫ് വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നുമാവശ്യെപ്പട്ട് മനാഫിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ നീതിസമരം നടത്തിയിരുന്നു.

Top