മനാഫ് വധക്കേസ്; ജില്ലാ കോടതിയെ കബളിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം!!

manaf kabeer

മലപ്പുറം:ഹൈക്കോടതി ജാമ്യം നിഷേധിച്ച പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസിലെ പ്രതികള്‍ക്ക് അഡീഷണല്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത് മറച്ചുവെച്ച് ജില്ലാകോടതിയില്‍ ജാമ്യം നേടിയത്.

കൊലപാതകം നടന്ന് 23 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ഉപാധികള്‍ പോലുമില്ലാതെയാണ് ജഡ്ജ് എ.വി നാരായണന്‍ ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി പോലീസ് റിപ്പോര്‍ട്ട് തേടുകയോ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുകയോ പോലും ചെയ്തില്ല.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കബീറിന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. രണ്ടുപതിറ്റാണ്ട് വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പാസ്‌പോര്‍ട്ടും സ്‌പോണ്‍സറുടെ വിവരങ്ങളും പോലീസിനു കൈമാറാന്‍ തയ്യാറായില്ലെന്നും ഇവര്‍ വീണ്ടും വിദേശത്തേക്ക് രക്ഷപ്പെട്ട് വിചാരണ നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന ആശങ്കയും ഉയര്‍ത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ കഴിഞ്ഞ മാസം 31 ന് ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്.

ഇരുവരും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ഹൈക്കോടതി ഇവരുടെ പഴയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 27ന് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നിയമത്തെ വെല്ലുവിളിച്ച് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയില്‍ മറ്റൊരു കോടതികളിലും ജാമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്നാണ് നിയമം. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രതികള്‍ക്ക് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് ജാമ്യം അനുവദിക്കാനാവില്ല. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന ഗവണ്‍മെന്റ് പ്ലീനറുടെ വാദം തള്ളിയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്. എന്നാല്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍പോലും പ്രേസിക്യൂട്ടര്‍ തയ്യാറായില്ല. പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന് കോടതിയെ ധരിപ്പിച്ചതുമില്ല.

കബീര്‍ പേരുമാറ്റി ജാബിര്‍ എന്ന പേരില്‍ പാസ്‌പോര്‍ട്ടെടുത്ത നിയമവ്യവസ്ഥയെ കബളിപ്പിച്ചതടക്കമുള്ളവ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ പ്രതികിള്‍ക്ക് ജാമ്യം നല്‍കിയത് വിവാദമായിരിക്കുകയാണ്.

കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ 2008 ഏപ്രില്‍ 29തിലെ കേരള ഗസ്റ്റില്‍ പരസ്യം നല്‍കിയാണ് കബീര്‍.ഇ.പി എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റിയത്. ജാബിര്‍ എന്നപേരില്‍ പുതിയ പാസ്‌പോര്‍ട്ടും സമ്പാദിച്ചു. 2015ലെ പുതുക്കിയ പാസ്‌പോര്‍ട്ടു പ്രകാരം ഖത്തറിലേക്കും തരിച്ചും നാല്‍പതിലേറെ യാത്രകളാണ് കബീര്‍ നടത്തിയത്.

ജാബിര്‍ എന്നതാണ് പുതിയ പേരെന്ന് പോലീസിലും കോടതികള്‍ക്കു മുന്നിലും കബീര്‍ മറച്ചുവെച്ചു. 1995 ഏപ്രില്‍ 13ന് പട്ടാപ്പകല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എ. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വറടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

manaf case kabeer

ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ ഒന്നും മൂന്നും പ്രതികളായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവരെ ഇതുവരെയും പിടികൂടിയിട്ടില്ല.

ഗള്‍ഫിലുള്ള ഇവരെ മൂന്നുമാസത്തിനകം ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മലപ്പുറം ജില്ലാ പോലീസ് ചീഫിന് ഉത്തരവു നല്‍കിയിരുന്നെങ്കിലും നാലുമാസമായിട്ടും ലുക്കൗട്ട് നോട്ടീസിറക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.

Top