സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലിടപെട്ടയാള്‍ മര്‍ദ്ദനമേറ്റ് മരിച്ചു

കോഴിക്കോട്: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലിടപെട്ടയാള്‍ മര്‍ദ്ദനമേറ്റ് മരിച്ചു. കോക്കല്ലൂര്‍ മുത്തപ്പന്‍തോട് നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. എരമംഗലം കാരാട്ട് പാറ ബസ് സ്റ്റോപ്പിനടുത്തുവെച്ചാണ് സംഭവം.

ബുധനാഴ്ച വിഷു നാളില്‍ വൈകീട്ട് നാലോടെ അജീഷ് സുഹൃത്തിനൊപ്പം ബൈക്കില്‍ കാരാട്ടു പാറ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇവിടെ രണ്ടു പേര്‍ തമ്മില്‍ വഴക്കിടുന്നത് കണ്ട് ബൈക്ക് നിര്‍ത്തി അതിലിടപെട്ടപ്പോള്‍ അജീഷിന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. അജീഷിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണപ്പെട്ട അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം മര്‍ദ്ദനമേറ്റതു കൊണ്ടാണോ എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും ബാലുശ്ശേരി പൊലിസ് പറഞ്ഞു.

പരേതനായ ആണ്ടിയുടേയും നാരായണിയുടേയും മകനാണ്. ഭാര്യ ബിന്ദു (കൂട്ടാലിട).മക്കള്‍ : വൈഷ്ണവി, ശബരീനാഥ് (ഉള്ള്യേരി ഈസ്റ്റ് എല്‍.പി.സ്‌ക്കൂള്‍ വിദ്യാര്‍ഥി). സഹോദരന്‍ :എന്‍.പി.ബിജീഷ്‌കുമാര്‍.

 

Top