എട്ട് സെക്കന്റ് നേരം ക്വാറന്റൈൻ ലംഘനം;പിഴ രണ്ടര ലക്ഷം രൂപ

തായ്പെ: എട്ട് സെക്കന്റ് നേരത്തേക്ക് ക്വാറന്റൈൻ ലംഘിച്ചയാൾക്ക് തായ്വാനിൽ രണ്ടര ലക്ഷം രൂപ (3500 ഡോളർ) പിഴ ചുമത്തി. ഫിലിപ്പീൻസിൽ നിന്നെത്തിയ തൊഴിലാളിയാണ് ക്വാറന്റൈൻ ലംഘിച്ചത് . ക്വാറന്റൈനിലിരിക്കെ മുറിയിൽ നിന്ന് പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്ന് റിപ്പോർട്ട്. ഹോട്ടലിലെ ജീവനക്കാരാണ് സിസിടിവിയിലൂടെ ഇയാളെ മുറിയുടെ പുറത്ത് കണ്ടത്. ഇവർ ഉടൻ തന്നെ ആരോ​ഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. തുടർന്ന് ആരോ​ഗ്യവകുപ്പ് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

തായ്വാനിലെ ക്വാറന്റൈൻ നിയമപ്രകാരം ആളുകൾ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. എന്നാൽ ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ ധാരണ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ പിഴ ചുമത്തില്ലെന്നാണെന്ന് ആരോ​ഗ്യവകുപ്പ് പറഞ്ഞു. കഓസ്യൂം​ഗ് ന​ഗരത്തിൽ 56 ക്വാറന്റൈൻ ഹോട്ടലുകളുണ്ട്. ഇതിലാകെ 3000 മുറികളുണ്ട്. വുഹാനിൽ 2019 ഡിസംബർ 31 ന് കോവിഡ് സ്ഥിരീകരിച്ചതു മുതൽ തായ്വാൻ അതീവ ജാ​ഗ്രതയിലാണ്. കൃത്യമായ നിരീക്ഷണത്തിന് ശേഷം മാത്രമേ ആളുകളെ കടത്തിവിടുന്നുള്ളു. രണ്ട് കോടി 30 ലക്ഷം പേർ താമസിക്കുന്ന തായ്വാനിൽ ഇതുവരെ 716 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top