ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് !

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ എത്തും. പുതിയ രണ്ട് ഫ്രാഞ്ചൈസികളില്‍ ഒരെണ്ണം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യമിടുന്നതായാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

ലോകത്തെ ഏറ്റവും വാണിജ്യമൂല്യമുള്ള ഐപിഎല്ലില്‍ ഒരു ടീമിനെ നേടുന്നത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈഡിന്റെ ചില ഉന്നത അധികൃതര്‍ നല്‍കുന്ന സൂചന. ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇതിനകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനകളുണ്ട്.

സാധാരണയായി വിദേശ ഉടമസ്ഥരെ ബിസിസിഐ പിന്തുണയ്ക്കാറില്ല. എങ്കിലും ഇത്തവണ ചില നിബന്ധനകള്‍ പാലിച്ചാല്‍ ടീമിനെ സ്വന്തമാക്കാന്‍ അവര്‍ക്കും ഏറെക്കുറെ അര്‍ഹതയുണ്ട് എന്നാണ് ബിസിസിഐ അധികൃതര്‍ നല്‍കുന്ന സൂചന. ഐപിഎല്‍ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പും ശ്രമിക്കുന്നുണ്ട്.

 

Top