പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിയുടെ മുഖത്തടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

മുംബൈ: കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര്‍പിഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്‌ലെയ്ക്കു നേരെ യുവാവിന്റെ ആക്രമണ ശ്രമം. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രിക്ക് നേരെ ആക്രമണം നടന്നത്. പ്രവീണ്‍ ഗോസാവി എന്നയാളാണ് അത്താവ്‌ലെയുടെ മുഖത്തടിക്കാന്‍ ശ്രമിച്ചത്.

അംബര്‍നാഥില്‍ ശനിയാഴ്ച ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. മന്ത്രി വേദിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണ്‍ അടിക്കാന്‍ ശ്രമിച്ചത്. സംഭവം നടന്ന ഉടന്‍ തന്നെ ആര്‍പിഐ പ്രവര്‍ത്തകര്‍ പ്രവീണിനെ പിടിച്ചുമാറ്റി പോലീസിന് കൈമാറി. പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ പ്രവീണിനെ ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ജെജെ ആശുപത്രിയിലേക്കും മാറ്റി.

ഞായറാഴ്ച പുലര്‍ച്ചയോടെ പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സമുദായത്തിന്റെ പേര് വ്യക്തിലാഭത്തിനു വേണ്ടി അത്താവ്‌ലെ ഉപയോഗിക്കുന്നതില്‍ പ്രകോപിതനായാണ് ആക്രമണത്തിനു മുതിര്‍ന്നതെന്ന് പ്രവീണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അത്താവ്‌ലെയ്‌ക്കെതിരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് ആര്‍പിഐ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍പിഐ(അത്താവ്‌ലെ) സംസ്ഥാന വ്യാപകമായി ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രവീണ്‍ അംബ്ദേര്‍ അനുയായി ആണെന്നാണ് സൂചന.

Top