സുഹൃത്തിനെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി

arrest

കൊല്ലം : മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കടയ്ക്കല്‍ ചേക്കില്‍ പണയില്‍ വീട്ടില്‍ ശ്രീകുമാര്‍ (24)ആണ് കൊല്ലപ്പെട്ടത്‌. തര്‍ക്കത്തിനിടെ സുഹൃത്ത് ഗോപകുമാര്‍ വിറകു കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അയല്‍വാസികളും സുഹൃത്തുക്കളുമായ ഗോപകുമാറും ശ്രീകുമാറും പതിവായി ഒരുമിച്ച് മദ്യപിക്കുമായിരുന്നു. ഇന്നലെ രാത്രി ഗോപകുമാറിന്റെ മുത്തശ്ശിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഗോപകുമാര്‍ ശ്രീകുമാറിനെ വിറകു കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.

ഇന്ന് രാവിലെ വീടിനു സമീപത്തെ കവലയിലെത്തി ഗോപകുമാര്‍ തന്നെയാണ് നാട്ടുകാരോട് കൊലപാതക വിവരം പറഞ്ഞത്. പിന്നീട് പ്രതി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഗോപകുമാറിന്റെ അറസ്റ്റു രേഖപ്പെടുത്തി. ശ്രീകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

Top