ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ബൈക്ക് യാത്രികനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു

ലക്‌നൗ:ട്രാഫിക് നിയമം ലംഘിച്ചൂ എന്നാരോപിച്ച് പോലീസുകാര്‍ കുഞ്ഞിന്റെ മുന്നിലിട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

കുട്ടിയുടെ മുന്നിലിട്ട് രണ്ടു പോലീസുകാര്‍ ബൈക്ക് യാത്രികനെ ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു പോലീസുകാരന്‍ യാത്രക്കാരന്റെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കുമ്പോള്‍ മറ്റൊരു പോലീസുകാരന്‍ തൊട്ടടുത്ത് നോക്കിനില്‍ക്കുന്നു. 2.07 മിനിറ്റ് ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്.

തന്നെ മര്‍ദ്ദിക്കരുതെന്ന് ബൈക്ക് യാത്രികന്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ഇത് പോലീസുകാര്‍ ചെവിക്കൊള്ളുന്നില്ല. വീഡിയോ ശ്രദ്ധയില്‍പെട്ട ഉത്തര്‍പ്രദേശ് പോലീസ് രണ്ടുപേരെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പതിന്മടങ് ഉയര്‍ത്തിയിരുന്നു. പിഴത്തുക കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ മിക്കയിടങ്ങളിലും പ്രതിഷേധവും ശക്തമായിരുന്നു.

Top