ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ലഖ്‌നൗ: ട്രാഫിക് നിയമം ലംഘിച്ചൂ എന്നാരോപിച്ച് ജനം നോക്കി നില്‍ക്കെ സഹോദരിയുടെ ആറു വയസ്സായ മകന്റെ മുന്നില്‍വച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്‌ഐ വീരേന്ദ്ര മിശ്ര, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റിങ്കു യാദവ് എന്ന യുവാവിനെ മര്‍ദ്ദിക്കുന്ന പൊലീസുകാരുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇവരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‌നഗറിലാണ് സംഭവം നടന്നത്. കുട്ടിയുടെ മുന്നിലിട്ട് രണ്ടു പോലീസുകാര്‍ ബൈക്ക് യാത്രികനെ ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു പോലീസുകാരന്‍ യാത്രക്കാരന്റെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കുമ്പോള്‍ മറ്റൊരു പോലീസുകാരന്‍ തൊട്ടടുത്ത് നോക്കിനില്‍ക്കുന്നു. 2.07 മിനിറ്റ് ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്.

താന്‍ തെറ്റ് ചെയ്‌തെങ്കില്‍ എന്നെ ജയിലിലടച്ചോളൂ എന്ന് യുവാവ് പൊലീസിനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ സിദ്ധാര്‍ത്ഥ്‌നഗര്‍ എസ്പി ധരം വീര്‍ സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പതിന്മടങ് ഉയര്‍ത്തിയിരുന്നു. പിഴത്തുക കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ മിക്കയിടങ്ങളിലും പ്രതിഷേധവും ശക്തമായിരുന്നു.

Top