വിവാഹം മുടക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം; വരന്‍ പിടിയില്‍

ജാന്‍ത്സി: വീട്ടുകാര്‍ നിര്‍ബന്ധിച്ച് നടത്താന്‍ നോക്കിയ വിവാഹം മുടക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച് യുവാവ്. നടകത്തിലൂടെ 5 ലക്ഷം വീട്ടുകാരില്‍ നിന്നും തട്ടിയെടുക്കാനും ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാന്‍ത്സി സ്വദേശിയായ രവി സിംഗ് എന്ന 31 കാരന്‍ എഞ്ചിനീയറാണ് പൊലീസ് അറസ്റ്റിലായത്.

ബുധനാഴ്ചയാണ് ഇയാള്‍ പെയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 19ന് ഇവിടെ നിന്ന് പുറപ്പെട്ട ഇയാള്‍ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നാടകം നടത്തുകയായിരുന്നു. ഒടുക്കം തന്റെ വസ്ത്രങ്ങള്‍ എടുക്കാന്‍ രഹസ്യമായി താമസസ്ഥലത്ത് എത്തിയപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പൊലീസ് പറയുന്നത് ഇങ്ങനെ- ഏപ്രില്‍ 19ന് തന്റെ സഹതാമസക്കാരോട് ഏപ്രില്‍ 23ന് തന്റെ വിവാഹമാണെന്നും. താന്‍ വീട്ടില്‍ പോവുകയാണെന്നും അറിയിച്ച് രവി സിംഗ് ഡല്‍ഹി വിട്ടത്. തങ്ങള്‍ക്ക് വിവാഹക്ഷണക്കത്ത് നല്‍കിയെന്നും. ഒരുതരത്തിലുമുള്ള സന്തോഷ കുറവ് രവിക്ക് ഉണ്ടായിരുന്നില്ലെന്നും സഹതമാസക്കാര്‍ പറഞ്ഞു. എന്നാല്‍ ഇവിടെ നിന്നും ഇറങ്ങിയ രവി ഉത്തര്‍പ്രദേശിലെ ജാന്‍ത്സിയിലെ വീട്ടിലേക്ക് പോകുന്നതിന് പകരം ബസിന് ചാണ്ഡിഗഡിലേക്കാണ് പോയത്. അവിടെ നിന്നും രവി തന്റെ ഫോണില്‍ നിന്ന് തന്നെ മാതാപിതാക്കള്‍ക്കും, ബന്ധുക്കള്‍ക്കും തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും 5 ലക്ഷം അവര്‍ക്ക് മോചനദ്രവ്യം കൊടുക്കണമെന്നും സന്ദേശം അയച്ചു.

സംഭവം രവിയുടെ ബന്ധുകള്‍ പൊലീസില്‍ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് ഫോണിന്റെ ടവര്‍ ലോക്കേഷന്‍ കണ്ടുപിടിച്ച് അന്വേഷണം ആരംഭിച്ചു. ഗുരുഗാവ് പൊലീസിന്റെ എട്ട് അംഗ സംഘം നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ഡല്‍ഹിയിലെത്തിയ രവിയെ പിടികൂടി.

തുടര്‍ന്ന് പൊലീസ് രവിയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയെ ഇഷ്ടമാണെന്നും ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് നാടകം കളിച്ചതെന്നും വീട്ടുകാര്‍ നല്‍കുന്ന പണം കൈക്കലാക്കി കാമുകിക്ക് ഒപ്പം ജീവിക്കാനായിരുന്നു പദ്ധതിയെന്നും പറഞ്ഞു.

Top