ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം ; അത്യന്തം ഹീനമായ പ്രവര്‍ത്തിയെന്ന് കോടതി

crime

ന്യൂഡല്‍ഹി: ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ. ദേവേന്ദ്ര ദാസിനെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ ഇയാള്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി അപ്പീല്‍ തള്ളുകയും പ്രതി നടത്തിയത് അത്യന്തം ഹീനമായ പ്രവര്‍ത്തിയാണെന്ന് വിലയിരുത്തുകയും ചെയ്തു.

2012 ഒക്ടോബര്‍ 31ന് രാത്രിയാണ് ദേവേന്ദ്ര ദാസ് തന്റെ ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പച്ചക്കറികളുടെ തൊലി ചുരണ്ടിക്കളയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ദേവേന്ദ്ര ദാസ് ഭാര്യയെ കൊലപ്പെടുത്തിയത്.

21 തവണ ഇയാള്‍ ഭാര്യയെ കുത്തിയെന്നും കട്ടയുപയോഗിച്ച് തലക്കടിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. തലയ്‌ക്കേറ്റ ശക്തമായ ആഘാതത്തില്‍ മൃതദേഹത്തിന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. പ്രകോപനമില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് കോടതി വിലയിരുത്തല്‍. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Top