മുന്നൂറ് ഏക്കറിൽ കൊടും വനം തീർത്ത് ഒരു മനുഷ്യൻ, കടുവയും ആനയുമെല്ലാം ഹാപ്പി !

രങ്ങളും മലകളും നശിപ്പിച്ച് പ്രകൃതിയുടെ ക്ഷോഭം വിളിച്ചു വരുത്തുന്ന മലയാളികള്‍ക്ക് ഉള്‍പ്പെടെ അസമില്‍ നിന്നൊരു നല്ല പാഠം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീ ദ്വീപായ അസമിലെ മജൂലി ദ്വീപിലെ ആയിരത്തി മുന്നൂറിലധികം ഏക്കര്‍ വിസ്തൃതി വരുന്ന വനം നട്ടുപിടിപ്പിച്ചത് വണ്‍ മാന്‍ ആര്‍മി !

അതെ ജാദവ് പയെങ് എന്ന ഒരു നല്ല മനുഷ്യന്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ വനം തന്നെ സൃഷ്ടിക്കപ്പെടില്ലായിരുന്നു. ഒരു ദിവസം ഒരു മരം എന്ന തോതില്‍ മരം നട്ടുപിടിപ്പിച്ച് കടുവയും ആനയും മാനും കണ്ടാമൃഗങ്ങളും എല്ലാം ഉള്ള ഒരു വനം സൃഷ്ടിച്ചെടുത്ത ജാദവ് ഇന്ന് ലോകത്തിന് തന്നെ അത്ഭുതമാണ്.

പച്ച ! അത് തിരിച്ച് പിടിക്കുക എന്നതിനേക്കാള്‍ പുണ്യമായത് മറ്റൊന്നും തന്നെയില്ല. അസമിലെ ഈ ദ്വീപിലെ പച്ചപ്പിന് നാല്‍പത് വര്‍ഷത്തെ ജാദവ് പയെങിന്റെ അധ്വാനത്തിന്റെ ഗന്ധമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപിനെ പക്ഷേ പ്രകൃതിയെ വെട്ടിനുറുക്കി കീശവീര്‍പ്പിക്കുന്ന ആധുനികത മരുഭൂമിയാക്കുകയായിരുന്നു.

ഓര്‍മ്മകളില്‍ ബാല്യത്തിന്റെ നിറക്കൂട്ടുകള്‍ സമ്മാനിച്ച സ്വന്തം നാട് മരണത്തിലേയ്ക്ക് കൂപ്പുകുത്തുന്നത് കണ്ട് നില്‍ക്കാന്‍ മത്സ്യത്തൊഴിലാളിയായ ജാദവ് പയെങ് എന്ന സാധാരണക്കാരന് കഴിഞ്ഞില്ല. എന്ത് വിലകൊടുത്തും മരങ്ങള്‍ വച്ച് പിടിപ്പിച്ച് സ്വന്തം നാടിനെ തിരിച്ച് പിടിക്കണമെന്ന് അയാള്‍ ഉറച്ചു. ഒന്നോ രണ്ടോ ദിവസം നീണ്ടു നില്‍ക്കുന്ന വീമ്പ് പറച്ചില്‍ മാത്രമായിരുന്നില്ല അത്. നീണ്ട നാല്‍പത് വര്‍ഷങ്ങള്‍ ദിവസം ഒരു മരം വീതം നട്ട് തന്നോട് തന്നെ പയെങ് വാക്ക് പാലിച്ചു.

javad payang

ഇന്ന് നൂറിലധികം ആനകളും നാല് കടുവകളുമുള്ള, മുന്നൂറിലധികം ഏക്കര്‍ വിസ്തൃതിയുള്ള വനത്തിന്റെ സൃഷ്ടാവാണ് ഈ സാധാരണക്കാരന്‍.

1979 ല്‍ മജൂലിയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായി, മരങ്ങള്‍ നഷ്ടപ്പെട്ടതായിരുന്നു ഇതിന് കാരണം. വെള്ളമിറങ്ങിയപ്പോള്‍ മുതല്‍ ജാദവ് പയങിന്റെ യത്‌നം തുടങ്ങി. പിന്നീട് തൈകള്‍ നടുകയെന്നത് അയാളുടെ ദിനചര്യയായി മാറി. ഓരോദിവസവും മണ്ണിന്റെ ഫലഭൂയിഷ്ഠി വര്‍ദ്ധിച്ചു. അങ്ങനെ സ്വാഭാവികമായി പലതരം മരങ്ങള്‍ വളരാന്‍ തുടങ്ങി. ഇന്ന് 1360 ഏക്കര്‍ വനഭൂമിയാണ് മജൂലിയിലുള്ളത്. മാനു മുയലുകളും ആദ്യ വിരുന്നുകാരായിരുന്നു. ആനകളും കാണ്ടാമൃഗങ്ങളുമെല്ലാം എത്തിത്തുടങ്ങുന്ന വലിയ ഇടമായി ഇത് മാറി. വീണ്ടും കുറേനാള്‍ കഴിഞ്ഞപ്പോള്‍ കടുവകളെ വരെ കണ്ട് തുടങ്ങി. ഇപ്പോള്‍ വനം വകുപ്പിന്റെ സജീവ സംരക്ഷണയിലാണ് ഈ ദ്വീപ്.

വേട്ടക്കാരാണ് ഇപ്പോള്‍ ദ്വീപ് നേരിടുന്ന പ്രധാന വെല്ലുവിളി. കാവല്‍ക്കാരനായി ജാദവ് എപ്പോഴും ഉണ്ട് എന്നതാണ് ഒരാശ്വാസം. 2007ല്‍ ഫോട്ടോഗ്രാഫറായ ജിത്തു കലിതയാണ് ഈ പ്രതിഭയെ പുറം ലോകത്തിന് പരിചയപ്പെടുത്തുന്നത്. വേട്ടക്കാരനാണെന്ന് കരുതി ജാദവ് തന്നെ തുരുത്തിയോടിച്ച രസകരമായ കഥ പറയാനുണ്ട് ജിത്തുവിനും. ജാദവിനെക്കുറിച്ച് ജിത്തു തയ്യാറാക്കിയ ഹ്രസ്വചിത്രം യൂട്യൂബില്‍് ഇരുപത് ലക്ഷത്തിലധികം ആളൂകള്‍ കണ്ട് കഴിഞ്ഞു. ഇന്ത്യയുടെ വനമനുഷ്യന്‍ എന്നാണ് ജാദവ് അറിയപ്പെടുന്നത്.

javad payang

കേരളം കണ്ട് പഠിക്കണം കിഴക്കന്‍ മലനിരകളിലെ ഈ മനുഷ്യനെ. നമ്മള്‍ മഴക്കെടുതിയില്‍ നെട്ടോട്ടമോടുന്നത് വരുത്തിവച്ചത് തന്നെയാണ്. അനധികൃത കയ്യേറ്റങ്ങളായി റിസോര്‍ട്ടുകളും കൂറ്റന്‍ കെട്ടിടങ്ങളും വേണ്ടുവോളം കെട്ടിപ്പൊക്കുമ്പോള്‍ അതിന് ജീവന്റെ വിലകൊടുക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും നമ്മള്‍ പഠിക്കണം.

വളരെ ചെറിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ 44 പുഴകളുള്ള ജലസമൃദ്ധിയുടെ നാട്!!. പ്രകൃതി കനിഞ്ഞരുളിയ ജലം ഭൂമിയിലേക്കിറങ്ങാന്‍ പോലും അവസരമില്ലാതെ മുറ്റത്ത് വരെ കോണ്‍ക്രീറ്റ് പാകി ആഢ്യത്വം ആസ്വദിക്കുകയാണ് മലയാളി. പക്ഷേ, നിറമുള്ള വികല വികസനത്തിന് ആയുസ്സില്ല എന്ന് കുറച്ച് നാള്‍ മുന്‍പ് ചെന്നൈ വെള്ളക്കെട്ട് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും നമ്മള്‍ പഠിച്ചില്ല. എല്ലാം കണ്ടില്ലെന്ന് നടിച്ചു. കാടുകള്‍ വെട്ടിനിരത്തിയും മലകള്‍ തകര്‍ത്തും കയ്യേറ്റക്കാര്‍ സംസ്ഥാനത്ത് വിലസുകയാണ്. ഇവിടെയാണ് ജാദവ് എന്ന ‘വണ്‍ മാന്‍ ആര്‍മി’ വ്യത്യസ്തനാവുന്നത്.

ഇപ്പോഴത്തെ മഴക്കെടുതികളില്‍ നിന്നെങ്കിലും കേരളം പഠിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നതില്‍ തീര്‍ച്ച.

Top