മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവ് കാമുകിയെ കഴുത്തറുത്ത് കൊന്നു

തെലങ്കാന: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ 25കാരിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു. ഹനംകോണ്ടയിലെ ലഷ്‌കര്‍ സിംഗാര സ്‌ദേശി ഹരതിയാണ് കൊല്ലപ്പെട്ടത്. കാസിപേട്ടിലെ വിഷ്ണുപുരി കോളനിയിലെ ഷാഹിദാണ് കൊലയാളി. കൊലപാതകം നടത്തിയ ശേഷം ഇയാള്‍ പ്രാദേശിക കോടതിയില്‍ ജഡ്ജിയുടെ മുമ്പാകെ കീഴടങ്ങി.ഇയാള്‍ക്കെതിരെ കൊലപാതക കേസ് ഫയല്‍ ചെയ്തു.

ദീര്‍ഘകാലമായി ഷാഹിദും ഹാരതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഷാഹിദ് പതിവായി ഹാരതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഇരുവരും പ്രണയബന്ധം തുടര്‍ന്ന് പോന്നത്.എന്നാല്‍ ഹാരതിയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് സംശയിച്ചിരുന്ന ഷാഹിദ് നിരന്തരം ഇതെ ചൊല്ലി വഴക്കുണ്ടാക്കുമായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം കാസിപേട്ടിലെ വീട്ടിലേക്ക് ഹരതിയെ വിളിച്ച് വരുത്തിയ ഷാഹിദ് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ യുവതി മരിക്കുകയും ചെയ്തു.

ഹാരതി ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായിരുന്നു. ഷാഹിദ് ഒരു പ്രാദേശിക മട്ടണ്‍ ഷോപ്പില്‍ കശാപ്പുകാരനായി ജോലി ചെയ്യുകയാണ്.

Top