അമ്മ മരിച്ച വിവരം മറച്ചുവെച്ച് 285 കോടിയുടെ സ്വത്ത് തട്ടി; മകനും ബന്ധുക്കളും അറസ്റ്റില്‍

arrest

നോയിഡ: മരിച്ചുപോയ അമ്മ ജീവിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കള്ള രേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത മകനും ബന്ധുക്കളും അറസ്റ്റില്‍. മുംബൈ സ്വദേശികളായ വ്യവസായി സുനില്‍ ഗുപ്ത, ഭാര്യ രാധ,മകന്‍ അഭിഷേക് എന്നിവരെ പൊലീസ് ഡിസംബര്‍ 15 ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

അമ്മയുടെ പേരിലുണ്ടായിരുന്ന 285 കോടി രൂപയുടെ സ്വത്താണ് സുനില്‍ ഗുപ്ത കൈവശപ്പെടുത്തിയത്. സുനിലിന്റെ അനുജന്‍ വിജയ് ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന വഞ്ചനയുടെ കഥ പുറത്തു വന്നത്. മുംബൈയില്‍ ഒരു മെഴുകുതിരി നിര്‍മാണ ഫാക്ടറിയുള്‍പ്പെടെ 285 കോടി രൂപയുടെ സ്വത്തിനുടമയായിരുന്ന സുനിലിന്റേയും വിജയ്‌യുടേയും മാതാവ് കമലേഷ് റാണി 2011 മാര്‍ച്ചിലാണ് മരിച്ചത്. കമലേഷ് റാണി മരണത്തിനു മുമ്പ് തയ്യാറാക്കിയ വില്‍പ്പത്രപ്രകാരം മരണശേഷം രണ്ടു മക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശമെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കമലേഷ് റാണി മരിച്ചതിന് ഒരാഴ്ചയ്ക്കു ശേഷം അമ്മ ജീവിച്ചിരിപ്പുണ്ടെന്നും സ്വത്തുക്കള്‍ തനിക്ക് ദാനം നല്‍കിയെന്നും കാട്ടി വ്യാജരേഖയുണ്ടാക്കി സുനില്‍ സ്വത്ത് തന്റെ പേരിലേക്ക് മാറ്റിയെന്ന് വിജയ് നല്‍കിയ പരാതിയില്‍ പറയുന്നു.

അമ്മയുടെ പേരിലുണ്ടായിരുന്ന ഭൂസ്വത്ത്, ആഭരണങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി എല്ലാ വിധ സ്വത്തുകളും സുനിലിന്റെ പേരിലേക്ക് മാറ്റിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സ്വത്ത് കൈമാറ്റം ചെയ്തതിന് സാക്ഷികളായായി ഒപ്പിട്ടത് സുനിലിന്റെ ഭാര്യയും മക്കളുമായിരുന്നു. രണ്ടു പേരുടേയും മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന കമ്പനിയുടെ ഫണ്ടുകള്‍ സ്വന്തം പേരിലേക്ക് സുനില്‍ മാറ്റുകയും ചെയ്തിരുന്നു.

സുനിലിനെതിരെ കേസ് കൊടുത്തതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടായതായും വിജയ് പറഞ്ഞു. അറസ്റ്റിലായ സുനിലും മറ്റുള്ളവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. സുനിലിന്റെ മറ്റൊരു മകനും പ്രതിപ്പട്ടികയിലുള്ള മറ്റു മൂന്നു പേരും ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായുള്ള അന്വേഷണത്തിലാണ്.

Top