ഫെയ്‌സ്ബുക്ക് പ്രണയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയില്‍

CHILD-RAPE

ചങ്ങനാശ്ശേരി: ഫെയ്‌സ്ബുക്ക് സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശി കാരിക്കൂട്ടത്തില്‍ നിബിന്‍ സജിയാണ് പിടിയിലായത്. കോതമംഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിബിന്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കോതമംഗലത്ത് പഠിക്കുന്ന എറണാകുളം സ്വദേശിനിയായ പതിനേഴുകാരിയെ എറണാകുളത്തും, വേളാങ്കണ്ണിയിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ആറ് പവനോളം സ്വര്‍ണാഭരണങ്ങളും, 50,000 രൂപയും ഇയാള്‍ തട്ടിയെടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ഇവര്‍ വേളാങ്കണ്ണിയില്‍ ലോഡ്ജില്‍ താമസിച്ചത്.

മകളെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിബിന്‍ സജി പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി നിരവധി പെണ്‍കുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിച്ച് സമാന രീതിയില്‍ പീഡനവും തട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Top