ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; പ്രതി അയല്‍ക്കാരന്‍

ന്യൂഡല്‍ഹി: ഏഴ് വയസുകാരിയെ അയല്‍ക്കാരനായ യുവാവ് ക്രൂരമായി പീഡിപ്പിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി . ‘ഫ്രൂട്ടി’ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഏഴു വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയത്. ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ന്യൂഡല്‍ഹിയിലെ നരേലയിലാണ് ഏഴുവയസ്സുകാരിയെ അയല്‍ക്കാരന്‍ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുഹമ്മദ് ഇമ്രാന്‍(28) എന്നയാളെ ന്യൂഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 14നാണ് നരേലയിലെ വീട്ടില്‍ നിന്ന് ഏഴുവയസ്സുകാരിയെ കാണാതാവുന്നത്. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണജയന്തി വിഹാറിലുള്ള മലിനജല സംസ്‌കരണ കേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇമ്രാന്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

സംഭവദിവസം അമിതമായി മദ്യപിച്ചെത്തിയ പ്രതി പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ‘ഫ്രൂട്ടി’ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടിയെ സ്വര്‍ണജയന്തി വിഹാറിലുള്ള മലിനജല സംസ്‌കരണ കേന്ദ്രത്തില്‍ ഉപേക്ഷിച്ചു.

വര്‍ഷങ്ങളായി അയല്‍ക്കാരാനായിരുന്ന ഇമ്രാന് പെണ്‍കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇമ്രാന്റെ സഹോദരിയുമായി പെണ്‍കുട്ടിയുടെ പിതാവിന് അവിഹിതബന്ധമുണ്ടെന്ന തീവ്രമായ സംശയമാണ് കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.

Top