സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നയാള്‍ ചാടിപ്പോയി; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

വയനാട്: വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നയാള്‍ ചാടിപ്പോയി. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ സര്‍ക്കാറിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന കോട്ടയം വാകത്താനം സ്വദേശി ചിറ്റേടത്ത് മണിക്കുട്ടനാണ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ചാടിപ്പോയത്.

കര്‍ണാടകയില്‍നിന്ന് പാസില്ലാതെ തോല്‍പ്പെട്ടിവഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ച ഇയാളെ പഞ്ചായത്ത് അധികൃതര്‍ ഇടപ്പെട്ടാണ് സര്‍ക്കാര്‍ ക്വാറന്റീനിലാക്കിയത്.കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.

ഭക്ഷണം നല്‍കാനായി പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോഴാണ് അവിടെയില്ല എന്ന വിവരം അറിഞ്ഞത്.തുടര്‍ന്ന് ഇയാള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ നിന്ന് ചാടിപ്പോയതായി പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. തിരുനെല്ലി പോലീസ് ഇയാള്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

Top