ട്രെയിനിന്റെ വാതിലിന്റെ സമീപത്തിരുന്ന് പുകവലിക്കുന്ന യുവതിയുടെ ചിത്രം പ്രചരിപ്പിച്ച യുവാവിനെ വിമര്‍ശിച്ച് സോഷ്യൽ മീഡിയ

മുംബൈ: ട്രെയിനിന്റെ വാതിലിന്റെ സമീപത്തിരുന്ന് പുകവലിക്കുന്ന യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾക്കെതിരെ വിമർശനം ശക്തമാകുന്നു. പൊതുസ്ഥലത്ത് പുകവലിക്കുന്നത് അധികൃതരെ അറിയിക്കേണ്ടതിനു പകരം യുവതിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്ത് അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രം പ്രചരിപ്പിക്കുകയാണ് ഉണ്ടായതെന്നാണ് വിമർശിക്കുന്നവർ വ്യക്തമാക്കുന്നത്.

”ഒരു സ്ത്രീ ട്രെയിനിന്റെ വാതിലിന് അരികെയിരുന്ന പുകവലിക്കുന്നത് കണ്ടു, ‘മോഡേൺ വിമൻ’ എന്ന് വിളിക്കപ്പെടുന്ന ഇവരോട് വെറുപ്പും നിരാശയും തോന്നി. എങ്ങോട്ടാണ് നമ്മൾ പോകുന്നത്, കഷ്ടം” എന്ന് കുറിച്ച് കൊണ്ടാണ് സി ജെ ഭൗ എന്നയാൾ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ, ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വലിയ വിമർശനങ്ങളും ഉയർന്നു.

ഒരു വ്യക്തിയുടെ ചിത്രം അവരുടെ സമ്മതമില്ലാതെ ക്ലിക്ക് ചെയ്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് എതിരെയാണ് ആളുകൾ പ്രതികരിക്കുന്നത്. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഒട്ടും ശരിയല്ല. ഒരു പുരുഷൻ ഇങ്ങനെ പുകവലിച്ചാൽ നിങ്ങൾ ഇത് പോസ്റ്റ് ചെയ്യുമോ? ആ സ്ത്രീ നിങ്ങൾക്കെതിരെ കേസ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരാൾ ട്വിറ്ററിൽ കുറിച്ചു.

ആ സ്ത്രീ നിങ്ങളുടെ പണം കൊണ്ടാണോ സിഗരറ്റ് വാങ്ങിയത്? പൊതുസ്ഥലത്ത് പുകവലിക്കുന്നത് തെറ്റാണെന്ന് സമ്മതിക്കുന്നു. എന്നാൽ നിങ്ങൾ പുരുഷന്മാരെ സമാനമായ രീതിയിൽ വിധിക്കുന്നുണ്ടോ? അതോ സ്ത്രീകൾക്ക് മാത്രമുള്ള പ്രശ്നമാണോ? ഫോട്ടോ പോസ്റ്റ് ചെയ്യും മുമ്പ് ആ സ്ത്രീയുടെ അനുവാദം ചോദിച്ചോ എന്നുമാണ് മറ്റൊരാൾ പ്രതികരിച്ചത്. ചിലർ യുവതിയുടെ ചിത്രം പോസ്റ്റ് ചെയ്തയാളുടെ പഴയ ചിത്രങ്ങളും തപ്പിയെടുത്ത് വിമർശിച്ചു. ചായക്കൊപ്പം സിഗരറ്റ് വലിക്കുന്ന ചിത്രത്തിൽ കമൻറ് ചെയ്തുകൊണ്ടാണാണ് വിമർശനം കടുപ്പിച്ചത്.

Top