വിവാഹത്തിന് നിർബന്ധിച്ചതിന് കാമുകിയെ കൊലപ്പെടുത്തി പരോളിൽ ഇറങ്ങിയ പ്രതി

ന്യൂഡൽഹി: ഒപ്പം താമസിച്ച പങ്കാളിയെ കൊലപ്പെടുത്തിയ 26 വയസ്സുകാരനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ വിനീത് പൻവാറാണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡിലെ മിരാജ്പുർ സ്വദേശിനിയായ രോഹിന നാസ് (25) ആണ് കൊല്ലപ്പെട്ടത്.

വിവാഹത്തിനായി രോഹിന സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ‘‘കൊലപാതകത്തിനു മുൻപ് വിനീത്, സഹോദരൻ മോഹിത്ത്, സഹോദരി പാരുൾ എന്നിവരുമായി ഗൂഢാലോചന നടത്തി. ഫർഷ് ബസാറിലെ തെലിവാരയിൽവച്ച് രോഹിനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കരവൽ നഗറിലെ ശിവ് വിഹാറിൽ ഉപേക്ഷിക്കുകയായിരുന്നു.’’– പൊലീസ് പറഞ്ഞു.

ഏപ്രിൽ 12നാണ് രോഹിന നാസിന്റെ മൃതദേഹം കരവൽ നഗറിലെ കൃഷ്ണ പബ്ലിക് സ്‌കൂളിന് സമീപം കണ്ടെത്തിയത്. കാമുകൻ വിനീത് പൻവാർ, ഇയാളുടെ സഹോദരൻ മോഹിത്ത്, സഹോദരി പാരുൾ, ഇവരുടെ സുഹൃത്ത് ഇർഫാൻ എന്നിവരാണ് കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് കണ്ടെത്തി. പാരുൾ, മോഹിത്ത്, ഇർഫാൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിനീത് ഒളിവിലായിരുന്നു. ഇയാൾ ലോണിക്കു സമീപമുണ്ടെന്ന സൂചനയെ തുടർന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് വിനീതിനെ പിടികൂടിയത്. 2017ലാണ് രോഹിനയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതെന്നും ഒപ്പം താമസം ആരംഭിച്ചതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.

ബാഗ്പതിലെ ഒരു കൊലപാതകക്കേസിൽ നേരത്തെ വിനീത് പ്രതിയാകുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സമയം വിനീതിന്റെ സഹോദരി പാരുളിനൊപ്പമായിരുന്നു രോഹിനയുടെ താമസം. കേസിൽ 2022ൽ പരോളിൽ പുറത്തിറങ്ങിയ വിനീത്, ഗാസിയാബാദിലെ ഒരു എൻജിനീയറിങ് കോളജിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും ഒരു കൊലപാതകക്കേസിൽ പ്രതിയാകുന്നത്.

Top