പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകം ; ഒരാള്‍കൂടി അറസ്റ്റില്‍

arrest

ജയ്പുര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാമത്തെ അറസ്റ്റാണ്. രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹരിയാനാ സ്വദേശിയായ അക്ബര്‍ ഖാനെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അക്ബര്‍ ഖാന്‍ തന്റെ താമസ സ്ഥലമായ കൊല്‍ഗാന്‍വില്‍ നിന്ന് രണ്ട് പശുക്കളെ രാംഗറിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഗോരക്ഷകരുടെ ആക്രമണത്തിനിരയായത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചിരുന്നു.

മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കുറ്റവാളികളായവരെ എത്രയും വേഗം പിടികൂടുമെന്നും ആള്‍വാര്‍ പൊലീസ് അറിയിച്ചു. കുറ്റവാളികള്‍ക്കെതിരേ ‘സാധ്യമായ കര്‍ശന നടപടി’ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം പെഹ്‌ലുഖാന്‍ എന്ന 50 വയസുകാരനെ പശുക്കടത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ അല്‍വാറില്‍ തന്നെയാണ് അതേ തരത്തിലുള്ള മറ്റൊരും കൊലപാതകം കൂടി ഇന്ന് നടന്നിരിക്കുന്നത്.

അതേസമയം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നിയമനിര്‍മാണങ്ങള്‍ വേണമെന്ന് കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Top