അമ്മയുടെ മുന്നില്‍വച്ച് സഹോദരനെ കൊന്ന യുവാവ് അറസ്റ്റില്‍

murder

മുംബൈ: ബാന്ദ്രയില്‍ അമ്മയുടെ മുന്നില്‍വച്ച് സഹോദരനെ കൊന്ന യുവാവ് അറസ്റ്റില്‍. ബാന്ദ്ര സ്വദേശി റിയാസ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂത്ത സഹോദരന്‍ ആസിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട 27കാരനായ റിയാസ് ഖാന്‍ പല കേസുകളില്‍ പ്രതിയും വീട്ടില്‍ നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്ന ആളായിരുന്നുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം മൂത്ത സഹോദരന്‍ ആസിഫ് അമ്മയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിയിരുന്നു. ഇതിനു ശേഷം പണം ആവശ്യപ്പെട്ട് റിയാസ് ആസിഫുമായി വഴക്കായി. വഴക്കിനിടയെ സഹോദരങ്ങള്‍ തമ്മില്‍ കൈയ്യാങ്കളിയാകുകയും ആസിഫിനെ റിയാസ് മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനിടയില്‍ റിയാസിനെ ആസിഫ് പിടിച്ചു തള്ളുകയും വീടിനു പുറത്തു നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീണതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ശരീരത്തില്‍ മല്‍പിടുത്തം നടന്നതിന്റെ പാടുകള്‍ ഉള്ളതിനാല്‍ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും ചോദ്യം ചെയ്യതതോടെയാണ് സത്യം പുറത്തായത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Top