ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; യുവാവ് മാതാപിതാക്കളെ കൊന്നു

crime

ന്യൂഡല്‍ഹി: ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ യുവാവ് മാതാപിതാക്കളെ കൊന്നു. ഡല്‍ഹിയിലെ ജാനിയ നഗര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍(26)ആണ് മാതാപിതാക്കളെ ശ്വാസം മുട്ടിച്ച് കൊന്നത്. തസ്ലിം ബാനോ(50), ഷമിംഅഹമ്മദ്(55) എന്നിവരാണ് മരിച്ചത്. കാണ്‍പൂരില്‍ നിന്നുള്ള യുവതിയും അബ്ദുള്‍ റഹ്മാനും രണ്ട് വര്‍ഷമായി ഫേസ്ബുക്കിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു.

വിവാഹത്തിന് മാതാപിതാക്കള്‍ സമ്മതിച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്നാണ് കൊലപാതകം. അബ്ദുല്‍ റഹ്മാന്റെ ആദ്യ വിവാഹം വിവാഹമോചനത്തില്‍ കലാശിക്കുകയായിരുന്നു. 2017ല്‍ റഹ്മാന്‍ മാതാപിതാക്കളുടെ അനുവാദത്തോടെ രണ്ടാമതും വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് കാണ്‍പൂര്‍ സ്വദേശിനിയെ പരിചയപ്പെടുന്നത്. ഫേസ്ബുക്ക് സുഹൃത്തിനെ ഇയാള്‍ നിരന്തരം സന്ദര്‍ശിക്കുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചതോടെ അവര്‍ എതിര്‍ത്തു. അതോടെയാണ് പരിചയക്കാരായ രണ്ട് പേരുടെ സഹായത്തോടെ റഹ്മാന്‍ മാതാപിതാക്കളെ കൊന്നത്. നദീം ഖാന്‍, ഗുഡ്ഡു എന്നിവരെ പൊലീസ് പിടികൂടി. രണ്ടര ലക്ഷം രൂപയാണ് റഹ്മാന്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തത്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് മാതാപിതാക്കളെ പിടിച്ചുവെയ്ക്കുകയും ഇരുവരെയും ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Top