യുപിയില്‍ പട്ടാപ്പകല്‍ ഒരാളെ തല്ലിക്കൊന്നു

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഒരാളെ തല്ലിക്കൊന്നു. വടി ഉപയോഗിച്ച് രണ്ടു പേര്‍ ചേര്‍ന്നാണ് ഇയാളെ അടിച്ചുകൊന്നത്. നോക്കി നിന്ന ഒരാള്‍ പോലും ഇയാളുടെ രക്ഷക്കെത്തിയില്ല. ക്രൂരമായ കൊലപാതകം നടക്കുമ്പോള്‍ സമീപത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. ദൃക്‌സാക്ഷികളിലൊരാള്‍ പകര്‍ത്തിയ ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് അജയ് എന്നയാള്‍ റോഡില്‍ വച്ച് കൊല്ലപ്പെട്ടത്. ആളുകള്‍ വാഹനം നിര്‍ത്തി സംഭവം നോക്കുകയും പ്രതികരിക്കാതെ പോകുകയും ചെയ്യുന്നതിന്റെ അവിശ്വസനീയമായ വീഡിയോയാണ് പ്രചരിക്കുന്നത്. വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് അജയുടെ സഹോദരന്‍ സഞ്ജയ് പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് വിഷയം ഒത്തുതീര്‍പ്പാക്കിയിരുന്നു. കച്ചവടത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അജയുടെ സഹോദരന്‍ സഞ്ജയുമായി പ്രതികളിലൊരാളായ ഗോവിന്ദിന് തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

Top